മുംബൈയെ നടുക്കി വീണ്ടും തീപിടിത്തം; നാലു മരണം, ഏഴുപേര്‍ക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

മുംബൈ: മുംബൈ നഗരത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും തീപിടിത്തം. നാലു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. അന്ധേരി മാളിലെ മൈമൂണ്‍ കെട്ടിടത്തില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അര്‍ധരാത്രി 1.30 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ നാലാം നിലയിലായിരുന്നു തീ പടര്‍ന്നത്.

മരിച്ച നാലു പേരും നാലാം നിലയിലെ മുറികളില്‍ ഉറങ്ങിക്കിടന്നവരാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

പരിക്കേറ്റ ഏഴുപേരില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ കൂപ്പര്‍, മുകുന്ദ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സംഭവസ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്സും വരാന്‍ വൈകിയെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ഒരാഴ്ച മുമ്പ് ലോവര്‍ പരേലിലെ കമലാമില്‍സ് കോംപൗണ്ടിലെ 1 എബൗ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ പതിനാലു പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ പബിലെ രണ്ടു മാനേജര്‍മാരെ അറസ്റ്റ് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular