തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയ്ക്ക് വിട്ടതോടെയാണ് സമരം പിന്‍വലിച്ചത്. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനു മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ആയുര്‍വേദം, ഹോമിയോപ്പതി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് ഹ്രസ്വകാല കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ അലോപ്പതി മെഡിക്കല്‍ പ്രാക്ടീസിന് അനുമതി നല്‍കുന്ന ബില്ലിലെ വിവാദ വ്യവസ്ഥയാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. എന്നാല്‍ എംബിബിഎസ് യോഗ്യതയില്ലാത്തവര്‍ മെഡിക്കല്‍ പ്രാക്ടീസ് നടത്തുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഐഎംഎയുടെ വാദം.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ് നടത്തിയത്. വൈകിട്ട് ആറുവരെയായിരുന്നു സമരം പ്രഖ്യാപിച്ചത്. പിന്തുണയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഓഎയുടെ നേതൃത്വത്തില്‍ രാവില ഒന്‍പതു മുതല്‍ പത്തുവരെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ബഹിഷ്‌കരിച്ചിരുന്നു.