താമരശ്ശേരി: യുവതിയുടെ നഗ്നചിത്രങ്ങൾ എടുക്കുകയും അതു കാണിച്ച് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തതും പ്രതികാരം തീർക്കാനായിരുന്നെന്ന് ബസ് ജീവനക്കാരായ യുവാക്കളുടെ മൊഴി. പ്രതികൾ യുവതിയുടെ അച്ഛന്റെ സുഹൃത്തുക്കളാണ്. ജോലി സ്ഥലത്തെത്തി യുവതിയോട് പണം കടം ചോദിച്ചെങ്കിലും നൽകിയില്ല. തുടർന്ന് പഴ്സ് തട്ടിപ്പറിച്ചു. യുവതിയുടെ വീട്ടുകാരെത്തി പഴ്സ് തിരികെ വാങ്ങി. ഇതിന്റെ പ്രതികാരമായി ലഹരിമരുന്നു നൽകി മയക്കിയശേഷം പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പീഡനദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു.
യുവതിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തുമെന്ന് ഡിവൈഎസ്പി കെ.എ.ബോസ് പറഞ്ഞു. കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. യുവതിയെ പലതവണ പീഡിപ്പിക്കാനായി പ്രതികൾ ഉപയോഗിച്ച ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫൊറൻസിക് വിദഗ്ധർ എത്തി ബസിൽ ശാസ്ത്രീയ പരിശോധനകൾ നടത്തി. ബസിലെ ക്യാമറയും വിശദമായി പരിശോധിച്ചു. ബസ് നിർത്തിയിട്ടിരിക്കുന്ന സമയത്ത് ക്യാമറ പ്രവർത്തിക്കാത്തതു മൂലം പീഡന ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല. കോടതി റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവുകൾ ശേഖരിക്കുന്നതിനുള്ള തയാറെടുപ്പിലാണ് പൊലീസ്. ഇരുപതുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് അടിവാരം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരും പുതുപ്പാടി സ്വദേശികളുമായ വെസ്റ്റ് കൈതപ്പൊയിൽ കല്ലടികുന്നുമ്മൽ കെ.കെ.അനീഷ് (38), വെസ്റ്റ് കൈതപ്പൊയിൽ പുഴക്കുന്നുമ്മൽ പി.എസ്.സജിത്ത് (24) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ യുവതി സ്ഥാപനത്തിൽ നിന്ന് ബസ് കയറാനായി നരിക്കുനിയിലേക്കു നടന്നുപോകുമ്പോൾ അത്താണിയിൽ വച്ച് കാറിൽ കയറ്റി എന്തോ നൽകി മയക്കി കൊണ്ടുപോയി കണ്ണു കെട്ടി ലോഡ്ജ് മുറിയിൽ എത്തിച്ച് പീഡിപ്പിച്ചതാണ് തുടക്കം. ഇവിടെ വച്ച് യുവതിയുടെ നഗ്നചിത്രം എടുക്കുകയും പിന്നീട് ഇതു കാണിച്ച് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചെന്നുമാണ് യുവതി പൊലീസിൽ നൽകിയ മൊഴി.