ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് (എ.സി റോഡ്) നിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. 25 കിലോമീറ്റർ റോഡ് നിർമിക്കാൻ 647 കോടി രൂപ ചെലവായതിൽ സംശയം പ്രകടിപ്പിച്ച മന്ത്രി, വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
തുറവൂർ-പമ്പ സംസ്ഥാന പാതയുടെ ഭാഗമായ മാക്കേക്കടവ്-നേരേക്കടവ് പാലത്തിന്റെ നിർമാണോദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എ.സി റോഡ് നിർമാണത്തിനായി ചെലവഴിച്ച തുകയുടെ കണക്കുകൾ വിശ്വസനീയമല്ലെന്നും അദ്ദേഹം പറഞ്ഞു.
“25 കിലോമീറ്റർ റോഡ് നിർമാണത്തിന് 647 കോടി രൂപ ചെലവായെന്നാണ് പറയുന്നത്. എന്ത് കണക്കാണിത്? ഇതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് സമഗ്രമായ വിജിലൻസ് അന്വേഷണം ഉണ്ടാകണം,” മന്ത്രി വ്യക്തമാക്കി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ജി. സുധാകരൻ കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.സി റോഡ് നിർമാണത്തിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ നേരത്തേ ഉയർന്നിരുന്നു. കനത്ത മഴയിലും റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടില്ലെന്ന അവകാശവാദത്തോടെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. എന്നാൽ മഴക്കാലത്ത് റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി.
ഇതിനുപിന്നാലെ ദിവസങ്ങൾക്കുമുമ്പ് പുറത്തുവന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ടിലും പാലം നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് എ.സി റോഡ് നിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന മന്ത്രിയുടെ ആവശ്യം.
കേരളത്തിൽ പത്തുവർഷത്തിനിടെ ആത്മഹത്യ ചെയ്തത് 96,809 പേർ; മരിച്ചവരിൽ 75,689 പേരും പുരുഷന്മാർ