തലശ്ശേരി: ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വർഷം കഠിന തടവും 1,04,000 രൂപ പിഴയും. കൂടാതെ പെൺകുട്ടിയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 7 വർഷം തടവും 15,000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് 25 വർഷം അനുഭവിച്ചാൽ മതി. കേസിൽ കൂത്തുപറമ്പ് മാങ്ങാട്ടിടത്തെ ചെമ്മന പറമ്പിൽ ശശികുമാറിനെയാണ് (65) തലശ്ശേരി പോക്സോ കോടതി ജഡ്ജി എം.ടി. ജലജ റാണി ശിക്ഷിച്ചത്. അതേസമയം ഇയാളുടെ കൂടെ താമസിക്കുന്ന കേസിലെ രണ്ടാം പ്രതിയായ സ്ത്രീയെ വെറുതെ വിട്ടു.
2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശശികുമാറിന്റെ കൂടെ താമസിച്ചിരുന്ന സ്ത്രീ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു പീഡനമെന്നാണ് കേസ്. പ്രതി പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് മൂന്ന് ദിവസത്തോളം പീഡിപ്പിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ഇതിനിടെ പെൺകുട്ടി ഗർഭിണിയായതോടെ ഗർഭം അലസിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. ശശികുമാർ കൂടെ താമസിച്ചിരുന്ന സ്ത്രീയുടെ സഹായത്തോടെ ആശുപത്രിയിൽ വച്ച് ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പെൺകുട്ടിയെക്കൊണ്ട് കഠിനമായ ജോലി ചെയ്യിക്കുകയായിരുന്നു. വെട്ടുകല്ല് എടുത്ത് വയറ്റിൽ വയ്ക്കുകയും ചെയ്തു. തുടർന്ന് രക്തസ്രാവമുണ്ടാകുകയും ഗർഭം അലസിപ്പോകുകയുമായിരുന്നുവെന്നാണ് കേസ്.

















































