തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റയാൾ വീട്ടുകാർ അറിയാതെ ആശുപത്രിയിൽ ചികിത്സയിൽ അനാഥനായി കഴിഞ്ഞത് 12 ദിവസം. ഒടുവിൽ വീട്ടുകാർ വിവരമറിഞ്ഞത് ആ വ്യക്തിയുടെ മരണശേഷം. തിരുവനന്തപുരം കഴക്കൂട്ടം പള്ളിനട സ്വദേശി ജോൺസനാണ്
ആശുപത്രിയുടെ അനാസ്ഥയാൽ അജ്ഞാത രോഗിയായി രണ്ടാഴ്ചയ്ക്കടുത്ത് കിടക്കേണ്ടിവന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണമാണ് 58-കാരന്റെ കുടുംബം ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 17 ന് അപകടത്തിൽ പരിക്കേറ്റ ജോൺസണെ നാട്ടുകാരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ വിവരം ആശുപത്രി അധികൃതർ പൊലീസിനെയോ കുടുംബത്തെയോ അറിയിച്ചില്ല. ഇതിനിടെ കുടുംബം മിസ്സിംഗ് കേസ് നൽകിയെങ്കിലും ആളെ കണ്ടെത്താനായില്ല. സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ കുടുംബം പരാതി നൽകി. വ്യക്തമായ രേഖകളും വിലാസവും കൈയിലുണ്ടായിരുന്നിട്ടും ഭർത്താവിനെ ആരാണ് ആരുമില്ലാത്തവനാക്കി മോർച്ചറിയിലെത്തിച്ചതെന്ന് ഭാര്യ ജി ചന്ദ്രകല ചോദിക്കുന്നു.
കഴിഞ്ഞ 17-ന് പുലർച്ചെയാണ് കോട്ടയത്തേക്കു പോകാനായി കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലേക്ക് നടക്കവേ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനുസമീപം വെച്ച് അതിവേഗത്തിലെത്തിയ ബൈക്ക് ജോൺസണെ ഇടിച്ചുതെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാർ ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചു.
അബോധാവസ്ഥയിലായിരുന്ന ജോൺസന്റെ പക്കൽ ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഭാര്യയുടെയും മകന്റെയും ഫോൺ നമ്പറുകൾ എന്നിവയുണ്ടായിരുന്നിട്ടും വീട്ടുകാരെയോ മെഡിക്കൽ കോളേജ് പൊലീസിനെയോ ആശുപത്രിയധികൃതർ അറിയിച്ചില്ല. ആശുപത്രിവേഷം ധരിപ്പിച്ചപ്പോൾ ജോൺസൺ ധരിച്ചിരുന്ന വസ്ത്രങ്ങളും രേഖകളും മാറ്റി. ജോൺസൺ കോട്ടയത്ത് എത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ പോത്തൻകോട് പൊലീസിൽ പരാതി നൽകി. ഇതിനിടെ ഒക്ടോബർ 27-ന് ജോൺസൺ മരിച്ചു.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയപ്പോൾ ജീവനക്കാരനാണ് മേൽവിലാസവും ഫോൺ നമ്പറുകളും കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസിനെ വിവരമറിയിച്ചു. 28-ന് ശ്രീകാര്യം പൊലീസ് മുഖേന ബന്ധുക്കളെ വിവരമറിയുകയായിരുന്നു. എന്നാൽ ജോൺസൺ മരിച്ചതിന് ശേഷമാണ് മെഡിക്കൽ കോളേജിൽ നിന്ന് അറിയിപ്പ് ലഭിച്ചതെന്നാണ് മെഡിക്കൽ കോളേജ് പോലീസ് നൽകുന്ന വിശദീകരണം.