വാഷിങ്ടൺ: പ്രമുഖ ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ സ്ഥാനത്തേക്ക് ജെൻസൻ ഹുവാങ്ങിനെ തിരിച്ചെത്തിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും നേരിട്ട് ഇടപെട്ടതായി റിപ്പോർട്ട്. എന്നാൽ ട്രംപ് ഭരണകൂടത്തിലെ പല മുതിർന്ന ഉദ്യോഗസ്ഥരും ഈ നീക്കത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് തുടങ്ങിയ പ്രമുഖർ ചർച്ചകളുടെ ഭാഗമായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് എൻവിഡിയയുടെ നേതൃത്വത്തിലേക്ക് ഹുവാങ്ങിനെ തിരിച്ചുകൊണ്ടുവരണമെന്ന് ട്രംപ് തന്റെ ഉപദേശകരോട് ആവശ്യപ്പെട്ടതെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എൻവിഡിയയുടെ ഓഹരിമൂല്യത്തിലുണ്ടാകുന്ന ഇടിവ് അമേരിക്കൻ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക ട്രംപിനുണ്ടായിരുന്നു. കൂടാതെ, നിർമിതബുദ്ധി (എഐ) രംഗത്ത് ചൈനയുമായുള്ള മത്സരത്തിൽ അമേരിക്കയ്ക്ക് മുൻതൂക്കം നിലനിർത്താൻ എൻവിഡിയ ശക്തമായി തുടരേണ്ടതുണ്ടെന്നും അദ്ദേഹം കരുതിയിരുന്നു.
എൻവിഡിയയുടെ ഡയറക്ടർ ബോർഡ് തന്നെ തിരിച്ചെത്തിക്കാൻ താൽപര്യപ്പെടുന്നുണ്ടെന്നാണ് കരുതുന്നതെന്ന് ഹുവാങ് വൈറ്റ് ഹൗസിനെ അറിയിച്ചിരുന്നു. എന്നാൽ തിരിച്ചുവരവിൽ അമേരിക്കൻ സർക്കാരിന് എന്തെങ്കിലും എതിർപ്പുണ്ടോയെന്ന് ബോർഡിന് വ്യക്തത ലഭിക്കേണ്ടതുണ്ടായിരുന്നു. ഇതേത്തുടർന്ന് ഹുവാങ് നീതിന്യായ വകുപ്പിന്റെ അന്വേഷണപരിധിയിലില്ലെന്നും അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായാണ് സർക്കാർ അദ്ദേഹത്തെ കാണുന്നതെന്നുമില്ലെന്നും ട്രംപ് ബോർഡിന് ഉറപ്പുനൽകി.
അതേസമയം, ഹുവാങ്ങിനെ തിരിച്ചെത്തിക്കുന്നതിനുള്ള ചർച്ചകളിൽ ട്രംപ് ഭരണകൂടത്തിലെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കിയിരുന്നു. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് എന്നിവർക്ക് പുറമെ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കിനെയും അവസാനഘട്ട ചർച്ചകളിൽ പങ്കെടുപ്പിച്ചില്ല. വിദേശരാജ്യങ്ങളിലേക്കുള്ള അത്യാധുനിക കമ്പ്യൂട്ടർ ചിപ്പുകളുടെ വിൽപ്പന നിയന്ത്രിക്കുന്നതിന്റെ ചുമതല ലുട്നിക്കിന്റെ വകുപ്പിനാണ്.
ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും ‘മെഗാസ്പീഡ്’ കേസുമായി ബന്ധപ്പെട്ട ആശങ്കകൾ നേരത്തെ ഉന്നയിച്ചിരുന്നു. ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ആലീസ് ഹുവാങ്ങുമായുള്ള ജെൻസൻ ഹുവാങ്ങിന്റെ ബന്ധത്തെക്കുറിച്ച് റൂബിയോ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടിലുണ്ട്.
തിങ്കളാഴ്ച രാവിലെ ഹുവാങ്ങിന്റെ തിരിച്ചുവരവിനെക്കുറിച്ച് അറിഞ്ഞപ്പോൾ റൂബിയോ കടുത്ത അതൃപ്തി പ്രകടിപ്പിച്ചെന്നാണ് സിബിഎസ് ന്യൂസിന്റെ റിപ്പോർട്ട്. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരങ്ങൾ അടിസ്ഥാനമാക്കി റൂബിയോ രഹസ്യ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ചൈനയിലേക്കുള്ള യാത്രയ്ക്കിടെ മേയിൽ വിമാനത്തിൽവെച്ച് ആലീസ് ഹുവാങ്ങിന് ചൈനയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം ട്രംപിനെ നേരിട്ട് ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകൾക്കിടയിലും ട്രംപ് തീരുമാനവുമായി മുന്നോട്ടുപോയി.
റൂബിയോയോടും ബെസന്റിനോടും അടുപ്പമുള്ളവർ ഇരുവരും ഹുവാങ്ങിന്റെ തിരിച്ചുവരവിനെക്കുറിച്ച് സ്വകാര്യമായി ആശങ്കകൾ അറിയിച്ചിരുന്നതായി സിബിഎസ് ന്യൂസിനോട് വെളിപ്പെടുത്തി. എന്നാൽ ഇരുവരും ട്രംപിന്റെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടില്ല.
ഞായറാഴ്ചയാണ് ജെൻസൻ ഹുവാങ് എൻവിഡിയ ഡയറക്ടർ ബോർഡ് അംഗങ്ങളുമായി മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തിയത്. ചർച്ചകൾക്കുശേഷം ബോർഡ് വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടു. ഞായറാഴ്ച രാത്രി വൈകി ഹുവാങ്ങിന്റെ തിരിച്ചുവരവ് സംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്ച ഓഹരി വിപണി തുറക്കുന്നതിന് മുൻപ് നടത്തുമെന്ന് ബോർഡ് ട്രംപിനെയും വാൻസിനെയും അറിയിച്ചു.
തീരുമാനത്തിന്റെ ക്രെഡിറ്റ് പിന്നീട് ട്രംപ് ഏറ്റെടുത്തു. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ എൻവിഡിയ ബോർഡുമായി സംസാരിച്ച് അവരെ തീരുമാനത്തിലേക്ക് എത്തിച്ചത് താനാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. “ഞാൻ അവരോട് സംസാരിച്ചു. അവരെ ഞാൻ ബോധ്യപ്പെടുത്തി” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.