കോഴിക്കോട്: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ് . ആവേശത്തിൽ ഇറങ്ങുന്ന പൊലീസുകാർ കോഴിക്കോടിന്റെ പഴയ സമരചരിത്രം ഓർക്കണമെന്നും എല്ലാക്കാലവും യുഡിഎഫ് സർക്കാരായിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കണ്ണൂരിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം കൊലവിളിക്ക് തുല്യമാണെന്നും ഒരു മുഖ്യമന്ത്രിക്ക് ചേരാത്ത പരാമർശമാണ് നടത്തിയതെന്നും റിയാസ് ആരോപിച്ചു. ‘ചോരയ്ക്ക് ചോര’ എന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. മുഖ്യമന്ത്രി നടത്തിയ പ്രസംഗം ആഭ്യന്തരമന്ത്രി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പ്രസംഗം താൻ കേട്ടിട്ടുണ്ടെന്നും മറ്റ് പ്രസംഗങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും റിയാസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ ചില പൊലീസുകാർ ആവേശത്തോടെ രംഗത്തിറങ്ങിയിട്ടുണ്ടെന്നും എസ്.എഫ്.ഐ പ്രവർത്തകരുടെ വീടുകളിൽ പൊലീസ് കയറിയിറങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് ഓർത്തു കളിക്കണം. കോഴിക്കോടിന്റെ പഴയ സമരചരിത്രം മറക്കരുതെന്നും എല്ലാകാലവും യുഡിഎഫ് സർക്കാരായിരിക്കില്ലെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
മാങ്കുളം റിസോർട്ടുമായി ബന്ധപ്പെട്ട പരാതിയിൽ പാർട്ടി സെക്രട്ടറി വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ.പി. ജയരാജനായാലും പി.ജെ. ആയാലും ത്യാഗപൂർണമായ ജീവിതമാണ് നയിക്കുന്നതെന്നും അവർക്കെതിരായ വാർത്തകളിൽ പ്രതികരിക്കാനില്ലെന്നും റിയാസ് വ്യക്തമാക്കി.
സെക്രട്ടേറിയറ്റ് യോഗങ്ങളിൽ തർക്കങ്ങളൊന്നും ഉണ്ടാകാറില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ റിസോർട്ട് പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിരുന്നോ എന്ന കാര്യം ഓർമയില്ലെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.