പാലക്കാട്: പാലക്കാട് പരുതൂർ സ്കൂളിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ആലത്തൂർ എംഎൽഎ ടി.എം. ശശി. സഹപാഠിയെ കൊല്ലുകയായിരുന്നു തോക്ക് കൊണ്ടുവന്ന കുട്ടിയുടെ ലക്ഷ്യമെന്നായിരുന്നു എംഎൽഎയുടെ ആരോപണം. ക്ലാസിലുണ്ടായ ചെറിയ വഴക്കിൻ്റെ പേരിൽ നേരത്തെയും പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മുൻകൂട്ടി ആസൂത്രണം ചെയ്താണ് വെടിവെപ്പ് നടത്തിയതെന്നും എം.എൽ.എ പറഞ്ഞു. ആലത്തൂർ സബ്ജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു എംഎൽഎ വസ്തുതകൾക്ക് നിരക്കാത്ത പരാമർശം നടത്തിയത്.
തോക്ക് കൊണ്ടുവന്ന കുട്ടിയും വെടിയേറ്റ കുട്ടിയും തമ്മിൽ ആഴ്ചകളായി തർക്കത്തിലും പിണക്കത്തിലുമായിരുന്നുവെന്നും എംഎൽഎ പറഞ്ഞു. വീട്ടിൽ തന്റെ മുത്തച്ഛന്റെ തോക്ക് ഉണ്ടെന്നും താൻ അതെടുത്ത് കൊണ്ടുവന്ന് ഉപയോഗിക്കുമെന്നും കുട്ടി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് എംഎൽഎയുടെ കണ്ടുപിടിത്തം. ഇത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും, കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും ടി.എം. ശശി ആവർത്തിച്ചു.
അതേസമയം സുഹൃത്തുക്കളെ കാണിക്കാനാണ് കുട്ടി വീട്ടിലെ പഴയ തോക്ക് കൊണ്ടുവന്നതെന്നും അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു എന്നുമാണ് പൊലീസും സ്കൂൾ അധികൃതരും വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതിന് നേരെ വിരുദ്ധമായ വാദമാണ് എംഎൽഎ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ ഈ വിവരങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
വീടുകളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ പുതിയ തലമുറയ്ക്ക് തോൽവി ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് എംഎൽഎ സംസാരിച്ചു തുടങ്ങിയത്. പണ്ട് വീടുകളിൽ കൂടുതൽ കുട്ടികൾ ഉണ്ടായിരുന്നപ്പോൾ അവർ പരസ്പരം വിട്ടുവീഴ്ച ചെയ്തും തോറ്റും സഹകരിച്ചും മുന്നോട്ട് പോയിരുന്നു. എന്നാൽ ഇന്ന് കുട്ടികൾക്ക് തോൽക്കാൻ മനസില്ലാതായി. സ്വന്തം മുത്തശ്ശനെ കൊല്ലാൻ 13-കാരി ക്വട്ടേഷൻ കൊടുത്തതും അത് വീഡിയോ കോളിലൂടെ കാണണമെന്ന് പറഞ്ഞതും ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്കൂളുകളിലെ വെടിവെപ്പ് സംഭവങ്ങൾ അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ മാത്രം കേട്ടിരുന്നതാണെന്നും, എന്നാൽ അത് കേരളത്തിലും തൊട്ടടുത്ത പട്ടാമ്പിയിലും സംഭവിക്കുന്നത് കാണേണ്ടി വന്നുവെന്നും എംഎൽഎ പറഞ്ഞു.
അതേസമയം കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിലെ ക്ലാസ് മുറിയിൽവെച്ചാണ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് വെടിയേറ്റത്. സഹപാഠി കൊണ്ടുവന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിശദീകരണം. വെടിവെച്ച കുട്ടിയും സ്കൂൾ അധികൃതരും പോലീസും ഈ വാദം ശരിവെച്ചിരുന്നു. കുട്ടികൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇരുവരും സുഹൃത്തുക്കളാണെന്നുമാണ് പോലീസിന്റെയും സ്കൂൾ അധികൃതരുടെയും വിശദീകരണം. തോക്ക് വല്യുപ്പയുടേതായിരുന്നെന്നും അബദ്ധത്തിൽ തന്റെ കൈവശം എത്തിയതാണെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. തോക്ക് കൗതുകത്തിന്റെ പുറത്ത് പരിശോധിക്കുന്നതിനിടെ അറിയാതെ വെടിപൊട്ടുകയായിരുന്നു എന്നാണ് വെടിയേറ്റ കുട്ടി പോലീസിനോട് പറഞ്ഞത്.