കൊച്ചി: സ്വകാര്യ ഉച്ചകോടിയിൽ മുഖ്യമന്ത്രി ആദരിക്കേണ്ട വ്യക്തി മുൻപ് സാമ്പത്തിക തട്ടിപ്പു കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഓഫിസ് കണ്ടെത്തിയതോടെ പരിപാടിയിൽനിന്ന് മുഖ്യമന്ത്രിയും ആറു മന്ത്രിമാരും പിൻമാറി. അങ്കമാലിയിൽ നടക്കുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽനിന്നാണ് പിന്മാറിയത്.
ഈ പരിപാടിയിൽ രണ്ട് വിദേശികളെയും ആസിഫ് ഇഖ്ബാൽ എന്നയാളെയുമാണ് മുഖ്യമന്ത്രി ആദരിക്കുമെന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ആസിഫ് മുൻപ് ഡൽഹിയിൽ സാമ്പത്തിക ഇടപാടു കേസിൽ ഉൾപ്പെട്ട കാര്യം സംസ്ഥാന ഇന്റലിജൻസ് വിഭാഗം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. പരിപാടിയിൽ നിന്നു പിൻമാറുകയായിരുന്നു.
ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ പ്രസിഡന്റാണ് ആസിഫ് ഇഖ്ബാൽ. തനിക്കെതിരെയുളളത് വ്യാജ പരാതിയാണെന്നും കോടതി തള്ളിയതാണെന്നും ആസിഫ് ഇഖ്ബാൽ അവകാശപ്പെട്ടു. അതേസമയം ആസിഫിന് ഉച്ചകോടിയുടെ സംഘാടനവുമായി ബന്ധമില്ലെന്ന് സമ്മിറ്റിന്റെ സംഘാടകരായ ബ്ലൂക്ലൗഡ് കമ്പനി സ്ഥാപകൻ അലക്സ് ജോർജ് പറഞ്ഞു. ആരോപണവിധേയനെ സമ്മിറ്റിൽനിന്നു മാറ്റി നിർത്തിയതായും സംരംഭകർക്കു സംഭാവനകൾ നൽകണമെന്ന ആഗ്രഹത്തോടെയാണ് ഉച്ചകോടി നടത്തുന്നതെന്നും അലക്സ് പറഞ്ഞു. മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ, പി.സി.വിഷ്ണുനാഥ്, ബിന്ദു കൃഷ്‌ണ, റോജി എം.ജോൺ, ഒ.ജെ.ജനീഷ് എന്നിവരാണു പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നത്.