BREAKING NEWS

മൂന്ന് ജീവനെടുത്ത അപകടം; അഞ്ചിരട്ടി മദ്യം ശരീരത്തിൽ; 162 കിലോമീറ്റർ വേഗം; സുഹൈലിനെ എക്സൈസ് അറസ്റ്റ് ചെയ്തു, പിന്നാലെ ജാമ്യം

· · 1 min read
Share: Copied!

കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിനെ (19) എക്സൈസ് അറസ്റ്റ് ചെയ്തു. 23 വയസ്സ് തികയുന്നതിന് മുൻപ് മദ്യപിച്ചതിന് അബ്കാരി നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അനുവദനീയമായതിന്റെ അഞ്ചിരട്ടി മദ്യം സുഹൈലിന്റെ ശരീരത്തിൽ ഉണ്ടായിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.

നിലവിൽ ജാമ്യത്തിലുള്ള സുഹൈലിനെ നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ആലുവ എക്സൈസ് റേഞ്ചാണ് അബ്കാരി നിയമത്തിലെ 15എ വകുപ്പ് പ്രകാരം കേസെടുത്തത്. നിയമപ്രകാരം 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യപിക്കാൻ അനുവാദമില്ല.

അപകടം നടന്ന ദിവസം സുഹൈൽ നടത്തിയ യാത്രകളുടെയും മദ്യപാനത്തിന്റെയും വിവരങ്ങൾ എക്സൈസ് ശേഖരിച്ചിരുന്നു. ഒക്ടോബർ 10ന് ഉച്ചയ്ക്ക് ഇടപ്പള്ളിയിലെ മാളിലെത്തിയ സുഹൈലും സുഹൃത്ത് നിനവും 12.30ഓടെ കടവന്ത്ര എസ്.എ റോഡിലെ ‘ദയ ബൈ റിനെ’ ബാറിലെത്തി മദ്യപിച്ചു. തുടർന്ന് വൈറ്റില ബൈപാസ് വഴി പാലാരിവട്ടത്തിനു സമീപമുള്ള ‘മൺസൂൺ എംപ്രസ്’ ബാറിലെത്തി. രാത്രി 9.30ഓടെയാണ് ഇവിടെനിന്ന് മടങ്ങിയത്. മദ്യപാനത്തിനിടെ ബാറുകളിലെ ദൃശ്യങ്ങൾ സുഹൈൽ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.

പിന്നീട് ഇടപ്പള്ളി, കളമശേരി, ആലുവ വഴി നെടുമ്പാശേരിയിലെത്തിയ സംഘത്തോടൊപ്പം സുഹൃത്തുക്കളായ ജോയലും അമീനും ചേർന്നു. രാത്രി 11 മണിയോടെ നാലുപേരും വിമാനത്താവളത്തിന് സമീപത്തെ ‘കോർട്ട്‌യാർഡ് മാരിയറ്റ്’ ബാറിലെത്തി. പുലർച്ചെ 1.30ഓടെയാണ് ഇവിടെനിന്ന് ഇറങ്ങിയത്. ഈ ബാറിൽ സുഹൈലിന്റെ പേരിലുള്ള ബിൽ 4,396 രൂപയുടേതായിരുന്നു.

ബാറിൽനിന്ന് ഇറങ്ങി നാല് കിലോമീറ്ററോളം സഞ്ചരിച്ചപ്പോഴാണ് പുലർച്ചെ രണ്ടോടെ വിമാനത്താവള സിഗ്നലിന് സമീപം അപകടമുണ്ടായത്. സുഹൈൽ ഓടിച്ച ആഡംബര കാർ സ്കൂട്ടറിലിടിക്കുകയായിരുന്നു. മണിക്കൂറിൽ 160 കിലോമീറ്ററിനടുത്ത വേഗത്തിലായിരുന്നു കാർ സഞ്ചരിച്ചിരുന്നത്.

അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

കാറിന്റെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽനിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത വാഹനനിർമാതാക്കളുടെ റിപ്പോർട്ടിൽ അപകടത്തിന്റെ ആഘാതം വ്യക്തമാക്കുന്ന വിവരങ്ങളുണ്ടായിരുന്നു. കൂട്ടിയിടിക്കുന്നതിന് അഞ്ച് സെക്കൻഡ് മുൻപ് കാറിന്റെ വേഗം മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നു. ഇടിയുടെ സമയത്ത് ഇത് 144 കിലോമീറ്ററായി കുറഞ്ഞു. അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുൻപാണ് ബ്രേക്ക് പെഡൽ അമർത്തിയത്. 500 മീറ്റർ ദൂരം 11 സെക്കൻഡുകൊണ്ടാണ് വാഹനം പിന്നിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളും വ്യക്തമാക്കിയിരുന്നു.

മദ്യപിച്ച് വാഹനമോടിച്ചതിന് സുഹൈലിനെതിരെ നരഹത്യാക്കുറ്റവും വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണക്കുറ്റവുമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കാക്കനാട് ബോസ്റ്റൽ സ്കൂളിൽ 36 ദിവസം തടവിൽ കഴിഞ്ഞ ശേഷമാണ് സുഹൈൽ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയത്. കൂട്ടുപ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

BREAKING NEWS
റാസൽഖൈമയിൽ പ്രവാസികൾ സഞ്ചരിച്ച ബസിലേക്ക് ട്രക്ക് ഇടിച്ചുകയറി; 13 മരണം, 11 ഇന്ത്യക്കാർ; മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന
24 Nov 2026
BREAKING NEWS
'കൂട്ടുകാരെ കാണിക്കാനാണ് തോക്ക് സ്കൂളിൽ കൊണ്ടുവന്നത്'; കുട്ടി അബദ്ധത്തിൽ ട്രിഗർ വലിച്ചപ്പോൾ സഹപാഠിക്ക് വെടിയേറ്റതെന്ന് പൊലീസ്; ലൈസൻസില്ല, വീട്ടുകാർക്കെതിരെ കേസെടുക്കും; കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും; അടിയന്തിര റിപ്പോർട്ട് തേടി മന്ത്രി
24 Nov 2026
BREAKING NEWS
മുൻ അമ്മായിയച്ഛന്റെ അസഭ്യ കമന്റ്; ' അയാൾ അയാളുടെ സംസ്കാരം കാണിച്ചു, വിദ്യാഭ്യാസമില്ലായ്മ ഒരു കുറ്റമൊന്നുമല്ല ആ വൃത്തികെട്ട കുടുംബത്തിൽനിന്ന് രക്ഷപ്പെട്ടത് ഭാഗ്യം' എന്ന് ഗായിക മാളവിക
24 Nov 2026
BREAKING NEWS
'ഡാഡീ...വേണ്ട ഡാഡീ; പ്ലീസ്, വെടിവെക്കല്ലേ'; 911 കോളിൽ കുട്ടിയുടെ നിലവിളി, ഫ്ലോറിഡയിൽ ഭാര്യയെയും മക്കളെയും കൊന്ന് ജീവനൊടുക്കി കുടുംബനാഥൻ
24 Nov 2026