കണ്ണൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് രാമനാട്ടുകര സ്വദേശി മുഹ്സിനെ (35) മലപ്പുറം ജില്ലയിലെ പള്ളിക്കലിൽനിന്ന് കണ്ണൂർ ടൗൺ പോലീസ് പിടികൂടി.
ഭർത്താവിനെ ഉപേക്ഷിച്ച് എത്തിയാൽ വിവാഹം കഴിച്ച് സൗദി അറേബ്യയിലേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തന്നെ ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കിയതെന്ന് യുവതി പരാതിയിൽ ആരോപിച്ചിരുന്നു. പരാതിക്കു പിന്നാലെ ഒളിവിൽപ്പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ബി.വി. വിജയ ഭരത് റെഡ്ഡി, കണ്ണൂർ സിറ്റി എ.സി.പി. എം.പി. ആസാദ് എന്നിവരുടെ നിർദേശപ്രകാരം കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.സി.പി.ഒമാരായ പി.വി. ബൈജു, വി.കെ. നിഷാന്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.