കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി. അച്ചടക്ക സമിതിയുടെ റിപ്പോർട്ടും കോടതി റദ്ദാക്കി. സംഭവത്തിൽ സർവകലാശാല പുതിയ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.
വിദ്യാർഥികൾക്ക് അനുകൂലമായി വിധി വന്നതോടെ നിരാഹാര സമരത്തിലിരിക്കുന്ന വിദ്യാർഥികൾ സമരം അവസാനിപ്പിക്കും. വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ട് 84 ദിവസം പിന്നിട്ടപ്പോഴാണ് കോടതിയുടെ ഉത്തരവ്. നിരാഹാര സമരം 22-ാം ദിവസത്തിലെത്തിയപ്പോഴാണ് അനുകൂല വിധിയുണ്ടായത്.
അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളോട് മാപ്പുപറയാൻ സർവകലാശാല എടുത്ത തീരുമാനവും കോടതി റദ്ദാക്കി. വിദ്യാർഥികളെ ഇന്ന് തന്നെ ക്യാമ്പസിൽ തിരിച്ചുപ്രവേശിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
നടപടിക്രമങ്ങൾ പാലിച്ച് സർവകലാശാലയ്ക്ക് പുതിയ അന്വേഷണം നടത്താം. എന്നാൽ, സസ്പെൻഷനിലായിരുന്ന 84 ദിവസത്തെ കാലയളവ് പുതിയ അന്വേഷണത്തിൽ പരിഗണിക്കണം. പുതിയ അന്വേഷണം വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്താതിരിക്കാനുള്ള അവസരമായി ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.