ന്യൂഡൽഹി: ബിസ്ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരേ പ്രോസിക്യൂഷന് അനുമതി നൽകി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ബിസ്ലേരിയുടെ പാക്കേജ് കുടിവെള്ള സാമ്പിളിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അനുവദനീയമായ പരിധിയിൽ കൂടുതൽ ബ്രോമേറ്റും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) കണ്ടെത്തിയതായാണ് റിപ്പോർട്ട്.
വസന്ത് മസാല, ടിറ്റ്-ബിറ്റ് ഫുഡ്സ്, മിമാൻസ ഇൻഡസ്ട്രീസ്, ആശ കൺഫെക്ഷനറി എന്നിവയാണ് നടപടി നേരിടുന്ന മറ്റ് കമ്പനികൾ. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ആശ കൺഫെക്ഷനറിയുടെ ചോക്ലേറ്റ് കുക്കീസ് വിപണിയിൽനിന്ന് തിരിച്ചുവിളിക്കാനും നിർദേശിച്ചിട്ടുണ്ട്.
ബിസ്ലേരി വെള്ളത്തിന്റെ പ്രാഥമിക പരിശോധനയിൽ അനുവദനീയമായ പരിധിയിലും കൂടുതൽ ബ്രോമേറ്റ് കണ്ടെത്തിയിരുന്നു. തുടർന്ന് 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സാമ്പിൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. ഇതിനെതിരേ കമ്പനി അപ്പീൽ നൽകിയതിനെ തുടർന്ന് സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് വീണ്ടും പരിശോധനയ്ക്കായി അയച്ചു.
രണ്ടാമത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന കണ്ടെത്തൽ ആവർത്തിച്ചു. ഇതിനുപുറമേ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) സാന്നിധ്യവും സ്ഥിരീകരിച്ചു. ബ്രോമേറ്റും PAHs-ഉം ആരോഗ്യത്തിന് ഹാനികരമായതും അർബുദസാധ്യത വർധിപ്പിച്ചേക്കാവുന്നതുമായ രാസവസ്തുക്കളാണ്.