തിരുവനന്തപുരം: ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ അനാഥാലയങ്ങൾക്കായി പണം പിരിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ 63-കാരൻ 55-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ഓർമക്കുറവും ശാരീരിക അസ്വസ്ഥതകളുമുള്ള സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ വെങ്ങാനൂർ മംഗലത്തുകോണം വാർഡിൽ കട്ടച്ചൽക്കുഴി കുളത്തിൻകര മേലെപുത്തൻവീട്ടിൽ ഭദ്രനെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു.
ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. പണം പിരിക്കാനെത്തിയ ഇയാൾ വീട്ടിൽ പുരുഷന്മാരില്ലെന്ന് മനസ്സിലാക്കിയിരുന്നു. തുടർന്ന് വീട്ടിനുള്ളിൽ കയറി താൻ വൈദ്യനാണെന്ന് പരിചയപ്പെടുത്തി. പനിയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ പരിശോധിക്കാമെന്ന് പറഞ്ഞ് മാനസികാസ്വാസ്ഥ്യമുള്ള മകളെയും സ്ത്രീയോടൊപ്പം ഇരുത്തി. എന്നാൽ, മകൾ എഴുന്നേറ്റ് മുറിയിലേക്ക് പോയ തക്കംനോക്കി ഇയാൾ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
ദൂരസ്ഥലത്തുപോയിരുന്ന മകൻ തിരിച്ചെത്തിയപ്പോഴാണ് പണം ചോദിച്ചെത്തിയ ആൾ വൈദ്യനാണെന്ന് പരിചയപ്പെടുത്തി തന്നെ പീഡിപ്പിച്ച വിവരം സ്ത്രീ വെളിപ്പെടുത്തിയത്. തുടർന്ന് മകൻ തിരുവല്ലം പോലീസിൽ പരാതി നൽകുകയായിരുന്നു.
പീഡനത്തിനിരയായ സ്ത്രീ താമസിക്കുന്ന പ്രദേശത്ത് ഇയാൾ നേരത്തെയും ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിലുള്ള നോട്ടീസുമായി എത്തി പണം പിരിച്ചിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയായിരുന്നു പീഡനം. ഇയാൾ സമാനമായ രീതിയിൽ നിരവധി വീടുകളിൽ എത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.