തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പാർട്ടിക്കുള്ളിലെ അതൃപ്തി കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിലെത്തി. നേരത്തെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ സംഘടിത നീക്കവുമായി എ ഗ്രൂപ്പും രംഗത്തെത്തി. പാർട്ടിയിലും സർക്കാരിലും കടുത്ത അവഗണന നേരിടുകയാണെന്നും നിലവിലെ രീതിയിലുള്ള പ്രവർത്തനം ശരിയല്ലെന്നും ചൂണ്ടിക്കാട്ടി എ ഗ്രൂപ്പ് നേതാക്കൾ ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിൽക്കണ്ട് പരാതി അറിയിച്ചു. ഗ്രൂപ്പ് എന്ന നിലയിൽ ഹൈക്കമാൻഡിന് നൽകുന്ന ആദ്യ പരാതിയാണിത്.
ബെന്നി ബെഹനാൻ, കെ.സി. ജോസഫ്, ഷാഫി പറമ്പിൽ എന്നിവരാണ് കേന്ദ്രനേതൃത്വത്തിന് മുന്നിൽ അതൃപ്തി അറിയിച്ചത്. പാർട്ടിയും സർക്കാരും തമ്മിൽ കൃത്യമായ ഏകോപനമില്ലെന്നും പ്രധാനപ്പെട്ട പല തീരുമാനങ്ങളും കെപിസിസി അധ്യക്ഷൻ പോലും അറിയുന്നില്ലെന്നും നേതാക്കൾ പരാതിയിൽ ചൂണ്ടിക്കാട്ടി. പിഎസ്സി, ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഗ്രൂപ്പിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ പ്രധാന ആവശ്യം. അതിന് സാധിക്കുന്നില്ലെങ്കിൽ ബോർഡ്, കോർപറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പ്രത്യേക സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി നിർജീവമായെന്നും പ്രവർത്തനങ്ങൾ നിശ്ചലമായെന്നും നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചു.
അതേസമയം, നീക്കം മുഖ്യമന്ത്രിക്കെതിരെയല്ലെന്നും പാർട്ടിക്കുള്ളിലെ അവഗണനയ്ക്കെതിരായ പ്രതിഷേധം മാത്രമാണെന്നും എ ഗ്രൂപ്പ് നേതാക്കൾ വിശദീകരിക്കുന്നു. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതിനായി പല അവഗണനകളും ഇതുവരെ സഹിച്ചു. എന്നാൽ ഇനിയും മിണ്ടാതിരിക്കാനാകില്ലെന്നാണ് ഗ്രൂപ്പിന്റെ നിലപാട്. കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാൻ ബെന്നി ബെഹനാൻ തയ്യാറായില്ല.
പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്തിയാൽ പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. ഡിസിസികളും പുനഃസംഘടിപ്പിക്കണം. ഇതോടെ പാർട്ടി നിർജീവമാണെന്ന പരാതി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.