ജയ്പുർ: വാഹനങ്ങളിൽ ഘടിപ്പിച്ച് ഉപയോഗിക്കാവുന്ന ടാങ്ക് വേധ ഗൈഡഡ് മിസൈൽ (എ.ടി.ജി.എം.) വിജയകരമായി പരീക്ഷിച്ചു. അദാനി ഗ്രൂപ്പിന്റെ പ്രതിരോധ കമ്പനിയായ അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പെയ്സ് വികസിപ്പിച്ചെടുത്ത ഭഗീര എടി1 മിസൈലിന്റെ പരീക്ഷണം രാജസ്ഥാനിലെ പൊഖ്റാൻ ഫീൽഡ് ഫയറിങ് റേഞ്ചിലായിരുന്നു.
18 മാസംകൊണ്ടാണ് മിസൈലിന്റെ നിർമാണം പൂർത്തിയാക്കിയത്. ഇന്ത്യൻ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായാണ് മിസൈൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മിസൈലും ഓട്ടോമേറ്റഡ് ലോഞ്ചറും ഉൾപ്പെടുന്നതാണ് സംവിധാനം.
പകലും രാത്രിയും ലക്ഷ്യങ്ങൾ കൃത്യമായി ആക്രമിക്കാനുള്ള ശേഷി, ഒരേ ലേസർ ബീം ഉപയോഗിച്ച് കവചിത വാഹനത്തിലെ ലക്ഷ്യത്തിലേക്ക് തുടർച്ചയായി രണ്ട് മിസൈലുകൾ തൊടുക്കാനുള്ള കഴിവ്, ദൂരെയുള്ള ആകാശലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാനുള്ള ശേഷി എന്നിവ പരീക്ഷണത്തിൽ വിജയകരമായി തെളിയിച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
എട്ടു കിലോമീറ്റർ വരെ അകലെയുള്ള കവചിത വാഹനങ്ങളെ ആക്രമിക്കാൻ ഭഗീര എടി1 മിസൈലിന് ശേഷിയുണ്ട്.