ലഖ്നൗ: സ്വർണം വാങ്ങുന്നത് പരിമിതപ്പെടുത്തണമെന്ന് പൗരന്മാരോട് നടത്തിയ അഭ്യർഥനയാണ് സ്വർണവില കുറയാൻ കാരണമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്യാവശ്യമില്ലെങ്കിൽ ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന തന്റെ നിർദേശം ജനങ്ങൾ അനുസരിച്ചെന്നും ഇതിലൂടെ പണം ലാഭിക്കാൻ സാധിച്ചെന്ന് പലരും തന്നോട് പറഞ്ഞതായും മോദി അവകാശപ്പെട്ടു. ലഖ്നൗവിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഒരു വർഷം മുമ്പ്, അത്യാവശ്യമില്ലെങ്കിൽ ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്ന് രാജ്യത്തെ പൗരന്മാരോട് ഞാൻ അഭ്യർഥിച്ചിരുന്നു. ലാൽ ബഹാദൂർ ശാസ്ത്രി ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോൾ രാജ്യം അത് അനുസരിച്ചതുപോലെ ഇന്നും ജനങ്ങളിൽ അതേ മനോഭാവമുണ്ട്. എന്നെപ്പോലൊരു സാധാരണക്കാരൻ സ്വർണം വാങ്ങുന്നത് കുറയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ജനങ്ങൾ അത് അനുസരിക്കുകയും സ്വർണവില കുറയുകയും ചെയ്തു. ‘മോദിജി, അങ്ങ് പറഞ്ഞതനുസരിച്ച് ഞങ്ങൾ സ്വർണം വാങ്ങിയില്ല. അതിലൂടെ പണം ലാഭിക്കാൻ കഴിഞ്ഞു’ എന്ന് പലരും ഇപ്പോൾ എന്നോട് പറയുന്നുണ്ട്” – മോദി പറഞ്ഞു.
യുഎസ്–ഇറാൻ യുദ്ധസാഹചര്യവും ഇന്ധനവില വർധനയുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെയാണ് പൊതുപരിപാടികളിൽ ഇന്ധനത്തിന്റെയും സ്വർണത്തിന്റെയും ഉപയോഗം കുറയ്ക്കണമെന്ന് മോദി നേരത്തെ അഭ്യർഥിച്ചത്. ഈ അഭ്യർഥനയാണ് സ്വർണവിലയിടിവിന് കാരണമായതെന്നാണ് പ്രധാനമന്ത്രിയുടെ വാദം.
ഭാവിയിൽ ഔദ്യോഗിക വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളേക്കാൾ പ്രായോഗിക നൈപുണ്യമുള്ളവർക്കായിരിക്കും കൂടുതൽ മൂല്യവും സ്വീകാര്യതയുമെന്നും മോദി പറഞ്ഞു. “കാലം മാറുകയാണ്. കോട്ടും പാന്റും ടൈയും ധരിച്ച് കടലാസ് സർട്ടിഫിക്കറ്റുകൾ കൈവശംവയ്ക്കുന്നവരേക്കാൾ നൈപുണ്യമുള്ളവർക്കായിരിക്കും കൂടുതൽ മൂല്യം ലഭിക്കുക. ഇക്കാര്യം ഓർത്തുവെക്കണം” – അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പരമ്പരാഗത നൈപുണ്യ മേഖലകളെ അധിനിവേശക്കാർ തകർത്തുവെന്നും കരകൗശല വൈദഗ്ധ്യത്തെ ലക്ഷ്യമിട്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു. പരമ്പരാഗത കരകൗശലവിദഗ്ധരുടെ പെരുവിരലുകൾ മുറിച്ചുമാറ്റിയതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) വിദ്യാർഥികൾക്ക് ലഭിക്കുന്ന അതേ ആദരവ് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ) വിദ്യാർഥികൾക്കും ലഭിക്കണമെന്നും മോദി പറഞ്ഞു. “ഐഐടിയിലായാലും ഐടിഐയിലായാലും വിദ്യാർഥികളാണ് രാജ്യത്തിന്റെ സമ്പത്തും ശക്തിയും ഭാവിയും” – അദ്ദേഹം കൂട്ടിച്ചേർത്തു.