മലപ്പുറത്ത് ഫെയർനസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗമെന്ന് കണ്ടെത്തൽ. ക്രീമിലെ അമിത മെർക്കുറി കാരണം ശരീരത്തിൽനിന്ന് പ്രോട്ടീൻ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണെന്നാണ് വിദഗ്ധ പരിശോധനയിൽ സ്ഥിരീകരിച്ചത്. ലാബിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഉപയോഗിച്ച ക്രീമിൽ മെർക്കുറിയുടെ അമിത സാന്നിധ്യവും കണ്ടെത്തി.
അതേസമയം താൻ ഒരു വർഷമായി ഈ ക്രീം ഉപയോഗിക്കുന്നതായി പെൺകുട്ടി വെളിപ്പെടുത്തി. ഇതുവരെ മൂന്നു നാല് ബോട്ടിലുകൾ ഉപയോഗിച്ചതായും പെൺകുട്ടി പറഞ്ഞു. പരിശോധനയിൽ ഒരു വർഷമായി ഉപയോഗിച്ച ഫെയ്സ് ക്രീമിൽ നിന്നാണ് വൃക്കരോഗമുണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞുവെന്നും പെൺകുട്ടി പറഞ്ഞു.
ക്രീമിൽ മെർക്കുറി അമിതമായതിനാൽ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു പെൺകുട്ടി. ബി.പി. കുറയുക, ക്ഷീണം, തലകറങ്ങുക, ഉറക്കക്കുറവ് തുടങ്ങിയ അവസ്ഥയുമുണ്ടായി. കോളേജിൽ പോകാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. തുടർപരിശോധനയിലാണ് രക്തത്തിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതെങ്ങനെ ഉണ്ടായെന്നറിയാൻ ക്രീം ടെസ്റ്റിന് അയച്ചപ്പോഴാണ് ക്രീമിൽ അമിതമായി മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പ്രകൃതിദത്ത ചേരുവകളാണെന്നു പറഞ്ഞ് വിൽപനയ്ക്കുവെച്ചിരുന്ന ക്രീമാണ് ഉപയോഗിച്ചിരുന്നതെന്നും പെൺകുട്ടി പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഫെയർനസ് ക്രീമുകൾ ജീവനു വെല്ലുവിളിയാകുന്നതെങ്ങനെ?
ഫെയർനസ് ക്രീം ഉപയോഗിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന മെർക്കുറി ചർമത്തിലൂടെ രക്തത്തിൽ കലർന്ന് വൃക്കയിൽ അടിഞ്ഞുകൂടും. അങ്ങനെ വൃക്കയിൽ നെഫ്രോട്ടിക് സിൻഡ്രോം അഥവാ മെമ്പ്രനസ് നെഫ്രോപ്രതി എന്ന അവസ്ഥയ്ക്കു കാരണമാകും. കേന്ദ്രനാഡീവ്യവസ്ഥയെയും ബാധിക്കും. ക്ഷീണം, വിറയൽ, ഓർമക്കുറവ്, ഉറക്കക്കുറവ് തുടങ്ങിയവയ്ക്കും കാരണമാകും.