ന്യൂഡൽഹി: വനിതാ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവിനെ മർദിച്ചു കൊന്ന സംഭവത്തിൽ ഇൻഫ്ലുവൻസറുടെ പിതാവടക്കം രണ്ടുപേർ അറസ്റ്റിൽ. മർദനമേറ്റ യുവാവ് ഒരാഴ്ചയ്ക്കുശേഷം ചികിത്സയിലിരിക്കെ മരിച്ചതോടെയാണ് സംഭവം കൊലപാതകക്കേസായി മാറിയത്. ചെന്നൈയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയായ അഭിനവ് ആണ് മരിച്ചത്. വനിതാ ഇൻഫ്ലുവൻസർ നേഹ ബിഷ്ടിന്റെ പിതാവ് വീരേന്ദർ ബിഷ്ടിനെയും അയൽവാസിയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാമിൽ ആറുലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള നേഹയുടെ വീഡിയോകൾക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ട്. വിവാഹനിശ്ചയത്തിന്റെ ദൃശ്യങ്ങളും വരാനിരിക്കുന്ന വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകളും അടുത്തിടെ നേഹ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും പങ്കുവച്ചിരുന്നു. ഇതിനിടെയാണ് നേഹയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി അഭിനവ് ഡൽഹിയിലെത്തിയത്.
നവംബർ ഏഴിന് നേഹ വീട്ടിലുണ്ടായിരുന്ന സമയത്ത് കിഴക്കൻ ഡൽഹിയിലെ മധു വിഹാറിലുള്ള വീട്ടിൽ അഭിനവ് അതിക്രമിച്ച് കയറുകയായിരുന്നു. നേഹ തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അഭിനവ് മദ്യലഹരിയിലായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
യുവാവിന്റെ പെരുമാറ്റത്തിൽ പ്രകോപിതരായ നേഹയുടെ കുടുംബാംഗങ്ങളും ഏതാനും അയൽവാസികളും ചേർന്ന് ഇയാളെ ക്രൂരമായി മർദിച്ചു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ അഭിനവിന്റെ പുറംഭാഗത്തും വലതുകാലിലും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ഉടൻ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ നവംബർ 15ന് ചികിത്സയിലിരിക്കെ അഭിനവ് മരിച്ചു.
പൊലീസ് നടത്തിയ തുടർ അന്വേഷണത്തിലാണ് അഭിനവിന് നേഹയോട് ഏകപക്ഷീയമായ പ്രണയമുണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്നത്. നേഹയുടെ സോഷ്യൽ മീഡിയ വീഡിയോകൾ ഇയാൾ പതിവായി പിന്തുടർന്നിരുന്നു. ആരാധകനെന്ന നിലയിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് നേഹയുടെ വീട്ടിലും എത്തിയിരുന്നു. നേഹ മറ്റൊരാളെ വിവാഹം കഴിക്കാൻ പോകുന്നതിൽ അഭിനവ് അസ്വസ്ഥനായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. എന്നാൽ അഭിനവ് ആരാണെന്നുപോലും നേഹയ്ക്ക് അറിയില്ലായിരുന്നുവെന്നാണ് വിവരം.
സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. നേഹയുടെ പിതാവ് വീരേന്ദർ ബിഷ്ടിനെയും അയൽവാസിയെയുമാണ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും മർദനത്തിൽ പങ്കെടുത്ത മറ്റുള്ളവരെ തിരിച്ചറിയാനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട മറ്റ് വശങ്ങളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.