ബ്യൂണസ് ഐറിസ്: ഫുട്ബോൾ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ അർജന്റീന യുവതാരത്തിന് ദാരുണാന്ത്യം. 18-കാരനായ അബെൽ നൂനസാണ് മരിച്ചത്. അർജന്റീനയിലെ അഞ്ചാം ഡിവിഷൻ മത്സരമായ ജുവൈനൽസ് സി കോപ്പ ഡെ പ്ലാറ്റയ്ക്കിടെയായിരുന്നു അപകടം.
ഡിപോർട്ടീവോ മുനിസും എഫ്സി എസെയ്സും തമ്മിലുള്ള മത്സരത്തിനിടെ ഡിപോർട്ടീവോയുടെ പ്രതിരോധ താരം പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ തൊട്ടടുത്തുനിന്ന അബെൽ നൂനസിന്റെ തലയിൽ കിക്കേൽക്കുകയായിരുന്നു. പിന്നാലെ താരം ഗ്രൗണ്ടിൽ കുഴഞ്ഞുവീണു.
അബോധാവസ്ഥയിലായ താരത്തിന് മൈതാനത്തുവെച്ചുതന്നെ പ്രാഥമിക ചികിത്സ നൽകിയശേഷം ആശുപത്രിയിലേക്ക് മാറ്റി. ആന്തരിക രക്തസ്രാവവും തലയോട്ടിക്ക് പൊട്ടലും സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ എഫ്സി എസെയ്സ് താരത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചു. അബെലിന്റെ ചിത്രത്തിനൊപ്പമാണ് ക്ലബ് ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ചത്. ജീവിതത്തിൽ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടായിരുന്ന യുവാവിനാണ് വേദനയോടെ യാത്രാമൊഴി നൽകുന്നതെന്നും ഈ നഷ്ടം നികത്താനാകാത്ത ശൂന്യതയാണ് അവശേഷിപ്പിക്കുന്നതെന്നും ക്ലബ് കുറിച്ചു. ഡിപോർട്ടീവോ മുനിസും യുവതാരത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.