ധാക്ക: നിരോധിക്കപ്പെട്ട അവാമി ലീഗ് ആഹ്വാനം ചെയ്ത രാജ്യവ്യാപക ലോക്ക്ഡൗണിന് മുന്നോടിയായി ബംഗ്ലദേശിൽ വ്യാപക അക്രമം. വിവിധയിടങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളിൽ നാല് പേർ കൊല്ലപ്പെട്ടു. മുൻ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ ചിറ്റഗോങ്ങിലെ കുടുംബവീടിന് അജ്ഞാത സംഘം തീയിട്ടു. തലസ്ഥാനമായ ധാക്കയിൽ പുലർച്ചെ ബോംബ് സ്ഫോടനങ്ങളും തീവയ്പ്പും റിപ്പോർട്ട് ചെയ്തു.
പ്രതിഷേധങ്ങൾക്കു മുന്നോടിയായി കഴിഞ്ഞ 24 മണിക്കൂറിനിടെ ധാക്കയിൽ മാത്രം 565 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച അർധരാത്രിയോടെ മുൻ വിദ്യാഭ്യാസമന്ത്രി നൂറുൽ ഇസ്ലാം നാഹിദിനെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ ഓഡിയോ, വിഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തുമെന്നും കർശന നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി സലാഹുദ്ദീൻ അഹമ്മദ് മുന്നറിയിപ്പ് നൽകി.
കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ധാക്കയിൽ പുലർച്ചെ ഐഇഡി സ്ഫോടനങ്ങളും വാഹനങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളും അരങ്ങേറി. സ്ഫോടനങ്ങളിൽ നാലുപേർക്ക് പരുക്കേറ്റു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രാജ്യത്തെ 64 ജില്ലകളിൽ 28 ഇടങ്ങളിൽ ബോംബേറും വാഹനങ്ങൾക്കു തീയിടലും നടന്നതായാണ് റിപ്പോർട്ട്.
ചിറ്റഗോങ്ങിലെ പാഞ്ച്ലൈഷ് മേഖലയിലുള്ള മുഹമ്മദ് യൂനുസിന്റെ പിതൃഭവനമാണ് അജ്ഞാത സംഘം തീയിട്ട് നശിപ്പിച്ചത്. സിൽഹെറ്റ്, രാജ്ഷാഹി, ബാരിഷാൽ, ഫരീദ്പുർ എന്നിവിടങ്ങളിലെ യൂനുസിന്റെ ഉടമസ്ഥതയിലുള്ള ഗ്രാമീൺ ബാങ്ക് ശാഖകൾക്കു നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് കുടുംബവീടിനും നേരെ അക്രമമുണ്ടായത്.
ചൊവ്വാഴ്ച രാത്രി പാർലമെന്റിൽ സംസാരിച്ച പ്രധാനമന്ത്രി അവാമി ലീഗിനെ ഭീകരസംഘടനയെന്നും അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ട ഫാസിസ്റ്റ് ശക്തിയെന്നും വിശേഷിപ്പിച്ചിരുന്നു. അവാമി ലീഗിന്റെ തിരിച്ചുവരവ് തടയാൻ ജനാധിപത്യ ശക്തികൾ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഭരണകൂടത്തെ മാത്രം ആശ്രയിക്കാതെ സ്വന്തം മണ്ഡലങ്ങളിലേക്ക് മടങ്ങി പ്രവർത്തകരെ തെരുവിലിറക്കാൻ ബിഎൻപി എംപിമാർക്ക് നിർദേശവും നൽകി.
വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പ്രത്യേക ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് അവാമി ലീഗ് വ്യാഴാഴ്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. 2024 ഓഗസ്റ്റിൽ അധികാരം നഷ്ടപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത 79കാരിയായ ഹസീനയെ വിട്ടുകിട്ടണമെന്ന് ധാക്ക ആവശ്യപ്പെടുന്നുണ്ട്. അതേസമയം, നിയമനടപടികൾ നേരിടാൻ ഡിസംബറിൽ എന്ത് വിലകൊടുത്തും രാജ്യത്തേക്ക് മടങ്ങിവരുമെന്ന് ജൂലൈയിൽ ഹസീന പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബംഗ്ലദേശിലെ രാഷ്ട്രീയ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.