ബിഹാർ: ബെറ്റിയയിൽ സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട് ഷോറൂമിൽ പട്ടാപ്പകൽ വൻ കവർച്ച. തോക്കുകളും മറ്റ് ആയുധങ്ങളുമായി എത്തിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്വർണവും വെള്ളിയും പണവും കവർന്നു കടന്നുകളഞ്ഞു. കോടികൾ വിലമതിക്കുന്ന ആഭരണങ്ങളും പണവുമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. വെറും 20 മിനിറ്റിനുള്ളിൽ കവർച്ച പൂർത്തിയാക്കി സംഘം രക്ഷപ്പെട്ടു.
ബെറ്റിയയിലെ സുപ്രിയ സിനിമ റോഡിലുള്ള ഷോറൂമിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ആറു മുതൽ എട്ടുവരെ ആളുകളടങ്ങിയ സംഘമാണ് ആയുധങ്ങളുമായി ഷോറൂമിലേക്ക് ഇരച്ചുകയറിയത്. ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം ഷോറൂമിലെ ആഭരണങ്ങളും പണവും കൊള്ളയടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി നടന്ന ആക്രമണത്തിൽ ജീവനക്കാർക്ക് പ്രതികരിക്കാൻ പോലും സമയം ലഭിച്ചില്ലെന്നാണ് വിവരം.
ഷോറൂമിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും വെള്ളിയാഭരണങ്ങളും പണവും സംഘം കൈക്കലാക്കി. സ്റ്റോറിലുണ്ടായിരുന്ന ആഭരണങ്ങളിലും പണത്തിലും ഭൂരിഭാഗവും കവർച്ചക്കാർ കൊണ്ടുപോയതായി ജീവനക്കാർ പറയുന്നു. മോഷണം പോയ വസ്തുക്കളുടെ കൃത്യമായ മൂല്യം ഇതുവരെ കണക്കാക്കിയിട്ടില്ലെങ്കിലും ഏകദേശം 40 കോടിയിലധികം വരുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജീവനക്കാരനെ തോക്കിന്റെ പാത്തി ഉപയോഗിച്ച് മർദിച്ചു
കവർച്ചയ്ക്കിടെ അക്രമം അഴിച്ചുവിട്ട സംഘം ഷോറൂമിലെ ഒരു ജീവനക്കാരനെ തോക്കിന്റെ പാത്തി ഉപയോഗിച്ച് മർദിച്ചു. ഇയാൾക്ക് പരിക്കേറ്റു. സംഭവത്തോടെ ഷോറൂമിലെ മറ്റ് ജീവനക്കാരും ഭീതിയിലായി. വിവരമറിഞ്ഞ് ചംപാരൻ റേഞ്ച് ഡിഐജി ഹർ കിഷോർ റായിയും എസ്എസ്പി കുമാർ ഗൗതമും വൻ പൊലീസ് സംഘത്തോടൊപ്പം ഷോറൂമിലെത്തി. ഉദ്യോഗസ്ഥർ കവർച്ച നടന്ന സ്ഥലം പരിശോധിക്കുകയും ജീവനക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
ഷോറൂമിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കവർച്ചാ സംഘത്തെ തിരിച്ചറിയുന്നതിനും സംഭവത്തിന്റെ കൃത്യമായ ക്രമം മനസ്സിലാക്കുന്നതിനുമാണ് പരിശോധന. സംഘം രക്ഷപ്പെടാൻ ഉപയോഗിച്ച വഴികൾ, കവർച്ചയിൽ പങ്കെടുത്തവരുടെ എണ്ണം, ഉപയോഗിച്ച വാഹനങ്ങൾ, രക്ഷപ്പെട്ട ദിശ എന്നിവയും അന്വേഷണവിധേയമാക്കിയിട്ടുണ്ട്.ഷോറൂമിലെത്തിയതും കവർച്ച നടത്തിയ ശേഷം രക്ഷപ്പെട്ടതുമായ രീതികൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.