ലക്നൗ: മുടികൊഴിച്ചിലിനെയും സ്വന്തം രൂപത്തേയും കുറിച്ചുള്ള മനോവിഷമത്തിനെ തുടർന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം. വിദ്യാർഥി ആത്മഹത്യാ പ്രവണതയെക്കുറിച്ച് പലപ്പോഴും സംസാരിച്ചിരുന്നതായി സഹോദരൻ വെളിപ്പെടുത്തി. കുട്ടി മുൻപും രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു. മൊബൈൽ ഫോണിൽ ഗെയിം കളിച്ചിരിക്കാറായിരുന്നു പതിവെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. മറ്റുള്ളവരുമായി അധികം ഇടപഴകാത്ത സ്വഭാവമായിരുന്നു വിദ്യാർഥിയുടേതെന്നും റിപ്പോർട്ടുകളിലുണ്ട്.
സംഭവദിവസം വിദ്യാർഥിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കുടുംബാംഗങ്ങൾ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തുമ്പോഴേക്കും വിദ്യാർഥിയുടെ മരണം സംഭവിച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കുടുംബം വിദ്യാർഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടർന്ന് മൃതദേഹം പൊലീസ് ഏറ്റെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.