തിരുവനന്തപുരം: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ 11 പ്രതികളും കുറ്റക്കാരാണെന്ന് വിധിച്ചതിന് പിന്നാലെ കോടതിക്ക് മുന്നിൽ സംഘർഷാവസ്ഥ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിക്ക് മുന്നിലാണ് സി.പി.എം പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും സംഘടിച്ച് വാഗ്വാദത്തിലേർപ്പെട്ടത്. പൊലീസ് സമയോചിതമായി ഇടപെട്ടതിനാൽ അക്രമം ഒഴിവായി. സി.പി.എം പ്രവർത്തകനായ വിഷ്ണുവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം. കേസിൽ സി.പി.എം പ്രവർത്തകരായ അമ്പലമുക്ക് കൃഷ്ണകുമാർ, ഫിറോസ് ഖാൻ, വിഷ്ണു വിനോദ്, ശങ്കർ, ഗോഡ്വിൻ, ഗോപാലൻ സുരേഷ്, കണ്ണൻ സുരേഷ് എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. സിപിഎം നേതാവായ ഹരിപ്രസാദിന്റെയും അനുയായികളായ അനി, രഞ്ജിത്ത്, കരാട്ടെ സുരേഷ് എന്നിവരുടെയും നേതൃത്വത്തിലായിരുന്നു കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത്. വിധി വന്നതിനു പിന്നാലെ കോടതിക്ക് പുറത്ത് സി.പി.എം – ബി.ജെ.പി പ്രവർത്തകർ തമ്മിൽ കയ്യാങ്കളി നടന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുമായി പൊലീസ് വാഹനം പുറത്തേക്ക് വരുമ്പോഴാണ് സംഘർഷം ഉടലെടുത്തത്.
സ്ഥലത്ത് തടിച്ചുകൂടി നിന്ന ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതും പ്രതികളുമായി പൊലീസ് ബസ് കടന്നു പോകുന്നതിനിടെ കൂവിവിളിച്ചതുമാണ് സംഘർഷത്തിന് വഴിയൊരുക്കിയത്. കൂവിവിളിച്ചവർക്ക് നേരെ പ്രതികൾ ആക്രോശിച്ചു. തുടർന്ന് പൊലീസുകാർ ബസിന്റെ സൈഡ് ഗ്ലാസ് അടച്ചു. വാഹനം കടന്നുപോയതിനു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന സി.പി.എം പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉടലെടുത്തു. ‘കൊല്ലാൻ വന്നതെങ്കിൽ കൊല്ലെടാ… ചുണയുണ്ടെങ്കെിൽ ദേഹത്ത് തൊടടാ…’ തുടങ്ങി അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം വെല്ലുവിളിച്ചു. ഇതോടെ പോലീസ് രണ്ടു കൂട്ടർക്കുമിടയിൽ കയറി നിൽക്കുകയായിരുന്നു. ഇരുവിഭാഗത്തോടും അവിടെനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. പരസ്പരം അസഭ്യ വർഷവും വാക്കുതർക്കവും രൂക്ഷമായതോടെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റിനിർത്തി.
അസഭ്യം പറഞ്ഞവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ ഒരിടത്ത് നിലയുറപ്പിച്ചു. ഏറെ സമയം റോഡിൽ സംഘർഷസമാനമായ സാഹചര്യമായിരുന്നു. തുടർന്ന് സി.പി.എം പ്രവർത്തകരെ കൗൺസിലർ വഞ്ചിയൂർ പി. ബാബുവിന്റെ ഓഫിസിലേക്ക് മാറ്റി. ബി.ജെ.പി പ്രവർത്തകരെയും പൊലീസ് അവിടെനിന്ന് മാറ്റി. 2008 ഒക്ടബോർ 17ന് പുലർച്ചെ അഞ്ചേകാലോടെയാണ് രഞ്ജിത് കൊല്ലപ്പെട്ടത്. 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. രഞ്ജിത്തിനെ സിപിഎം പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണന്തല കോട്ടമുകളിലെ തന്റെ ബേക്കറിയിൽ രഞ്ജിത്ത് നിൽക്കവെ രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു.