BREAKING NEWS

’ധോണി, ധോണി’-​ ഗ്യാലറിയിൽ ഇനി ആ ആരവം ഇനിയുണ്ടാകില്ല; ഇനി ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ കളിക്കളത്തിലുണ്ടാകില്ല, ഐപിഎൽ കരിയറിന് വിരാമം; പുതിയ ചുമതല മെന്റർ

· · 1 min read
Share: Copied!

ചെന്നൈ: 18 വർഷം നീണ്ട ഐപിഎൽ കരിയറിന് വിരാമമിട്ട് മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോനി. ഇനി ചെന്നൈ സൂപ്പർ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തിൽ താരമായി ധോനിയെ കളിക്കളത്തിൽ കാണാനാകില്ല. പകരം അടുത്ത ഐപിഎൽ സീസൺ മുതൽ ടീമിന്റെ മെന്ററുടെ ചുമതലയിലാകും ധോനി എത്തുകയെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ ടീം മാനേജ്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്.

ഐപിഎല്ലിൽ താരങ്ങളെ നിലനിർത്താനുള്ള അവസാന ദിവസമായ ഇന്ന് ചെന്നൈയുടെ നിർണായക പ്രഖ്യാപനം പുറത്തുവന്നത്. 2008 ഏപ്രിൽ 19ന് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലൂടെയാണ് ധോനി ആദ്യമായി ചെന്നൈ ജഴ്‌സിയിൽ കളത്തിലിറങ്ങിയത്. ചെന്നൈ സൂപ്പർ കിങ്‌സിന് വിലക്കുണ്ടായിരുന്ന 2016, 2017 സീസണുകളിൽ റൈസിങ് പൂനെ സൂപ്പർജയന്റ്‌സിനായും ധോനി കളിച്ചു.

ചെന്നൈയുടെ നായകനെന്ന നിലയിൽ അഞ്ച് തവണയാണ് ധോനി ടീമിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചത്. 2010, 2011, 2018, 2021, 2023 സീസണുകളിലായിരുന്നു ഈ നേട്ടം. ഐപിഎല്ലിൽ ആകെ 278 മത്സരങ്ങൾ കളിച്ച ധോനി 38.30 ശരാശരിയിൽ 5,439 റൺസ് നേടി. 24 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. വിക്കറ്റ് കീപ്പറെന്ന നിലയിലും മികവ് തെളിയിച്ച താരം 158 ക്യാച്ചുകളും 47 സ്റ്റംപിങ്ങുകളും സ്വന്തമാക്കി.