ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കറെ തയിബ ഭീകരൻ ലത്തീഫ് ഭട്ടിനെയും കൂട്ടാളിയെയും സുരക്ഷാസേന വധിച്ചു. കഴിഞ്ഞയാഴ്ച കുൽഗാമിലെ സി.ആർ.പി.എഫ്. പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിൽ ഇരുവർക്കും പങ്കുണ്ടെന്ന് അധികൃതർ അറിയിച്ചു. കുൽഗാം സ്വദേശിയായ ലത്തീഫ് ഭട്ട് പാക് ഭീകരർക്കൊപ്പമാണ് പ്രവർത്തിച്ചിരുന്നത്. പ്രാദേശിക സഹായികളുടെ പിന്തുണയോടെ ദക്ഷിണ കശ്മീരിലെ വിവിധ ഒളിത്താവളങ്ങളിൽ മാറിമാറി താമസിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. 2026-ൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.
ജൂലൈ 22-ന് അനന്ത്നാഗിലെ ലാൽ ചൗക്കിൽ പൊലീസ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയതും ജൂലൈ 31-ന് കുൽഗാമിൽ ഇതരസംസ്ഥാന തൊഴിലാളികളെ വധിച്ചതും ലത്തീഫ് ഭട്ടിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ നൽകുന്ന വിവരം.
നവംബർ 11-നാണ് കുൽഗാമിലെ മിർ ബസാറിന് സമീപമുള്ള സി.ആർ.പി.എഫ്. പോസ്റ്റിനു നേരെ രണ്ട് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരുക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായിരുന്നു. ആക്രമണത്തിനുശേഷം ഭീകരർ സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടു.
കുൽഗാം ആക്രമണത്തിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ കിഷ്ത്വാർ ജില്ലയിലും ഭീകരാക്രമണമുണ്ടായി. രണ്ട് സ്പെഷ്യൽ പൊലീസ് ഓഫിസർമാരെ (എസ്.പി.ഒ.) ഭീകരർ കൊലപ്പെടുത്തി. ബാബി ചന്ദ്, യശ്പാൽ കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരവിരുദ്ധ ഓപ്പറേഷനിൽ സൈന്യത്തോടൊപ്പം ചേരാൻ പോകുന്നതിനിടെയായിരുന്നു ആക്രമണം. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലുടനീളം സുരക്ഷാസേന അതീവ ജാഗ്രതയിലാണെന്ന് സി.ആർ.പി.എഫ്. സ്പെഷ്യൽ ഡയറക്ടർ ജനറൽ സന്ദീപ് ഖിർവാർ അറിയിച്ചു.
അതേസമയം, തുടർച്ചയായ ഭീകരാക്രമണങ്ങൾ ജമ്മു കശ്മീരിൽ ഭീകരവാദം അവസാനിച്ചെന്ന ഔദ്യോഗിക അവകാശവാദങ്ങളെക്കുറിച്ച് വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ മേഖലയിൽ സമാധാനം പുനഃസ്ഥാപിച്ചെന്ന വാദം തെറ്റാണെന്ന് മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പ്രതികരിച്ചു.