മലപ്പുറം: മാർക്കറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് ലക്ഷങ്ങൾ വിലവരുന്ന അടക്ക മോഷ്ടിച്ച അഞ്ചംഗ സംഘം പിടിയിൽ. കുഴിമണ്ണ കിഴിശ്ശേരി തവനൂർ റോഡിലെ ചെങ്ങിണീരി അടക്ക മാർക്കറ്റിൽനിന്ന് 3.64 ലക്ഷം രൂപയോളം വിലവരുന്ന 16 ചാക്ക് പൊളിച്ച അടക്കയാണ് സംഘം മോഷ്ടിച്ചത്. കിഴിശ്ശേരി ചെമ്മക്കോട്ടിൽ റഹീസ് (18), മുതുവല്ലൂർ മുണ്ടക്കുളം അയിനാത്ത് സൽമാൻ ഫാരിസ് (19), മുണ്ടക്കുളം വെള്ളാട്ടുചോല മുഹമ്മദ് ആദിൽ (18), പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരാണ് പിടിയിലായത്.
മാർക്കറ്റിനുള്ളിൽ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന അടക്കയായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യം. ഗേറ്റ് ചാടിക്കടന്നെത്തിയ സംഘം അടക്കയുമായി കടന്നുകളയുകയായിരുന്നു.
മോഷണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പറമ്പിൽപീടിക ഭാഗത്ത് മോഷ്ടിച്ച അടക്ക വിൽക്കാനെത്തിയ അഞ്ചുപേരെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ കൊണ്ടോട്ടി പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മോഷ്ടിച്ച 16 ചാക്കുകളിൽ പത്തുചാക്ക് പറമ്പിൽപീടികയിലെ ഒരു കടയിൽനിന്ന് പൊലീസ് കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച കാറും മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ മൂന്നുപേരെ കോടതി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടുപേരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കൊണ്ടോട്ടി ഇൻസ്പെക്ടർ സംഗീത പുനത്തിൽ, എസ്.ഐ. ആഷിഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.