മലപ്പുറം: വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദ് (13) ആണ് മരിച്ചത്.
വീടിന് സമീപത്തെ വയലിൽവെച്ചായിരുന്നു അപകടം. മീൻപിടിക്കാനായി വയലിലെത്തിയ ജുനൈദ് ഇതിനിടെ വൈദ്യുതി പോസ്റ്റിലെ പൊട്ടിക്കിടന്ന സ്റ്റേ കമ്പിയിൽ പിടിക്കുകയായിരുന്നു. സ്റ്റേ കമ്പി വൈദ്യുതി ലൈനിൽ തട്ടിയതിനെത്തുടർന്ന് വൈദ്യുതിപ്രവാഹമുണ്ടായതാണ് അപകടത്തിന് കാരണമായത്. ഷോക്കേറ്റ കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, അപകടത്തിന് കാരണം കെഎസ്ഇബിയുടെ ഗുരുതര അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. സ്റ്റേ കമ്പിയുടെ ഒരുഭാഗം ഹൈവോൾട്ടേജ് ലൈനിൽ തട്ടിനിൽക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതുസംബന്ധിച്ച് പലതവണ പരാതി നൽകിയിരുന്നുവെന്നും ഇവർ പറയുന്നു.
ജുനൈദിന്റെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.