തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബൽ എന്ന കമ്പനിയിൽനിന്ന് ടെൻഡറോ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോ ഇല്ലാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നതായും അദ്ദേഹം ആരോപിച്ചു. വൈദ്യുതി നിയമത്തിലെ 62, 63 വകുപ്പുകൾ പ്രകാരം റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച രീതിയിലോ മത്സരാധിഷ്ഠിത ടെൻഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങുന്നതിനുള്ള നിരക്ക് നിശ്ചയിക്കാവൂവെന്നും പിണറായി ചൂണ്ടിക്കാട്ടി.
എന്നാൽ, കഴിഞ്ഞ മാസം വിഇഎച്ച് ഗ്ലോബലിൽനിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് കമ്പനിയുടെ ഓഫറിന്റെ അടിസ്ഥാനത്തിൽ മാത്രമാണെന്നാണ് ആരോപണം. ഈ നടപടിക്ക് റെഗുലേറ്ററി കമ്മിഷൻ ഇതുവരെ അംഗീകാരം നൽകിയിട്ടുമില്ല. കാറ്റിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് മൂന്ന് മുതൽ നാല് രൂപ വരെ മാത്രം വിലയുള്ളപ്പോഴാണ് 11 രൂപ നിരക്കിൽ കരാറുണ്ടാക്കിയതെന്നും ഇതിലൂടെ സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും പിണറായി ആരോപിച്ചു.
സെപ്റ്റംബർ 22നാണ് പീക്ക് സമയത്ത് വൈദ്യുതി നൽകണമെന്ന വിഇഎച്ചിന്റെ ഓഫർ സർക്കാർ അംഗീകരിച്ചത്. എന്നാൽ, ടെൻഡറിൽ പങ്കെടുക്കാൻ വിഇഎച്ചിന് യോഗ്യതയില്ലെന്ന് ഇതേ ഉത്തരവിൽതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. യോഗ്യതയില്ലാത്ത കമ്പനിക്ക് കരാർ നൽകിയത് ആരുടെ താൽപര്യപ്രകാരമാണെന്നും അദ്ദേഹം ചോദിച്ചു.
ജി.എൻ.എ കരാറിലെ അഴിമതിയെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് ‘കരാറിൽ ഒപ്പിട്ടില്ലല്ലോ’ എന്ന മറുപടി നൽകി ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ അങ്ങനെ പറയാനാകില്ലെന്നും പിണറായി പരിഹസിച്ചു. ഒപ്പിട്ട ഈ കരാറിനെക്കുറിച്ചെങ്കിലും ജനങ്ങളോട് വ്യക്തമായ മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.