ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധമോ, സമാധാനമോ അല്ലാത്ത അനിശ്ചിതാവസ്ഥയിൽ ഇറാൻ ഇനിയും തുടരില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഖർ ഗാലിബാഫ്. ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഗാലിബാഫിന്റെ മുന്നറിയിപ്പ്. അമേരിക്ക വീണ്ടും ആക്രമണത്തിന് മുതിർന്നാൽ യുദ്ധഭൂമിയുടെ വ്യാപ്തി എവിടെയായിരിക്കണമെന്ന് ഇറാന്റെ സായുധസേന തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക ചർച്ചയുടെ വഴിയാണോ യുദ്ധത്തിന്റെ വഴിയാണോ തിരഞ്ഞെടുക്കുന്നതെന്നത് ഇറാനെ സംബന്ധിച്ച് വിഷയമല്ലെന്ന് ഗാലിബാഫ് പറഞ്ഞു. ഇറാൻ മുന്നോട്ടുവച്ച ഏഴ് ന്യായമായ നിബന്ധനകൾ അംഗീകരിച്ചാൽ കരാറിലെത്താനുള്ള വാതിൽ തുറന്നുകിടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച പാർലമെന്റിന്റെ തുറന്ന സമ്മേളനത്തിൽ സംസാരിക്കവെയാണ് ഗാലിബാഫ് നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
“അമേരിക്ക ചർച്ചയുടെ പാതയാണോ അതോ യുദ്ധത്തിന്റെ പാതയാണോ തിരഞ്ഞെടുക്കുന്നത് എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ല. ഞങ്ങളുടെ ന്യായമായ ഏഴ് ഉപാധികൾ അവർ അംഗീകരിക്കുകയാണെങ്കിൽ, കരാറിലേക്കുള്ള വാതിൽ തുറന്നിരിക്കും. അമേരിക്ക വീണ്ടും ഒരു തെറ്റ് വരുത്തിയാൽ, യുദ്ധക്കളത്തിന്റെ ഭൂമിശാസ്ത്രം തീരുമാനിക്കുന്നത് ഇറാനിലെ ശക്തമായ സായുധ സേനയായിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇറാനെതിരായ പുതിയ ആക്രമണങ്ങൾക്കുള്ള അമേരിക്കയുടെ നീക്കങ്ങളെ ഗൗരവത്തോടെയാണ് രാജ്യം കാണുന്നതെന്ന സൂചന കൂടിയാണ് ഗാലിബാഫിന്റെ പ്രസ്താവന.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തിയ ആക്രമണത്തോടെയാണ് പശ്ചിമേഷ്യയിലെ യുദ്ധം ആരംഭിച്ചത്. ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയും മുതിർന്ന സൈനിക കമാൻഡർമാരും കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കും ഇറാൻ അടച്ചു. ഇതോടെ ആഗോള എണ്ണവില കുത്തനെ ഉയർന്നു.
ജൂൺ 17ന് യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും 14 ഇന കരാറിൽ ഒപ്പുവച്ചിരുന്നു. ലെബനനിലുൾപ്പെടെ സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കാനും 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്താൻ ശ്രമിക്കാനുമായിരുന്നു ധാരണ. എന്നാൽ ജൂലൈ എട്ടിന് കരാർ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചു. അമേരിക്ക എല്ലാ വാഗ്ദാനങ്ങളും ലംഘിച്ചുവെന്ന് ആരോപിച്ച് ഒരാഴ്ചയ്ക്കുശേഷം ഇറാനും ധാരണാപത്രം മരവിപ്പിച്ചു. അതിനുശേഷം ഇറാനുമായി കരാറിലെത്താൻ തനിക്ക് തിരക്കില്ലെന്ന് ട്രംപ് ആവർത്തിച്ചുവരികയാണ്.
അതേസമയം, ഇറാനിൽ നിന്നോ ഇറാൻ പിന്തുണയ്ക്കുന്ന യെമനിലെ ഹൂതികളിൽ നിന്നോ പുതിയ പ്രകോപനങ്ങളുണ്ടായില്ലെങ്കിൽ ഇറാനെതിരായ ആക്രമണം തൽക്കാലം ഒഴിവാക്കാൻ ട്രംപ് ആലോചിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യം അറിയാവുന്ന മൂന്ന് പേരെ ഉദ്ധരിച്ചാണ് ശനിയാഴ്ച റിപ്പോർട്ട് പുറത്തുവന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗാനുമായും ട്രംപ് ഫോണിൽ സംസാരിച്ചിരുന്നു. ഇറാനെതിരായ ആക്രമണങ്ങൾ പുനരാരംഭിക്കരുതെന്ന് ഇരുവരും ട്രംപിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഒരു മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥനെയും ചർച്ചകളെക്കുറിച്ച് അറിവുള്ള മറ്റൊരാളെയും ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒക്ടോബർ 31ന് മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ സംഭാഷണത്തിൽ അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി ട്രംപ് അറിയിച്ചിരുന്നു. എന്നാൽ ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങൾ ഫലം കാണുന്നുണ്ടെന്നും അതിനാൽ സൈനിക നടപടി ഒഴിവാക്കണമെന്നും സൗദി കിരീടാവകാശി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ചർച്ചയെക്കുറിച്ച് അറിവുള്ള മറ്റ് രണ്ട് പേരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആവശ്യമെങ്കിൽ സൈനിക നീക്കങ്ങൾ ശക്തമാക്കാൻ അമേരിക്കൻ സൈന്യവും തയ്യാറെടുക്കുന്നുണ്ട്. നിലവിൽ പശ്ചിമേഷ്യയിൽ പ്രവർത്തിക്കുന്ന രണ്ട് വിമാനവാഹിനിക്കപ്പലുകളിൽ ഒന്നിന് പകരമായി മൂന്നാമതൊരു വിമാനവാഹിനിക്കപ്പൽ കൂടി വരും ദിവസങ്ങളിൽ മേഖലയിലെത്തും. സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ മൂന്ന് വിമാനവാഹിനിക്കപ്പലുകളും ഒരേസമയം മേഖലയിൽ നിലയുറപ്പിക്കാമെന്നും അമേരിക്കൻ സൈനിക ആസൂത്രണത്തെക്കുറിച്ച് അറിവുള്ളവർ റോയിട്ടേഴ്സിനോട് പറഞ്ഞു.
ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രങ്ങൾ വീണ്ടും ബോംബിട്ട് തകർക്കാനുള്ള സാധ്യതയും ട്രംപിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. സൗദി, തുർക്കി നേതാക്കളുമായുള്ള സംഭാഷണങ്ങളെക്കുറിച്ച് അറിവുള്ള ഒരാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഈ ആണവ കേന്ദ്രങ്ങൾ അമേരിക്ക നേരത്തെ തന്നെ ആക്രമിച്ചിട്ടുള്ളതാണ്. വീണ്ടും ആക്രമണം നടത്തിയാൽ അത് എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, പശ്ചിമേഷ്യയിലെ സഖ്യരാജ്യങ്ങൾ പൂർണതോതിലുള്ള യുദ്ധത്തിലേക്ക് മടങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടുള്ള സാഹചര്യവും ട്രംപ് പരിഗണിക്കുന്നുണ്ട്. യുദ്ധം ഉടൻ അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്നും എന്നാൽ സംരക്ഷിക്കാൻ ശ്രമിക്കുന്ന രാജ്യങ്ങളുടെ അഭ്യർഥന മാനിച്ച് കൂടുതൽ നിയന്ത്രിതമായ രീതിയിൽ മുന്നോട്ടുപോകുകയാണെന്നും ട്രംപ് പറഞ്ഞു.
വ്യാഴാഴ്ച കായിക മാധ്യമപ്രവർത്തകൻ സ്റ്റീഫൻ എ. സ്മിത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ‘എനിക്ക് ഇത് ഉടൻ അവസാനിപ്പിക്കാൻ കഴിയും. എന്നാൽ ഞാൻ സംരക്ഷിക്കാൻ ശ്രമിക്കുന്ന രാജ്യങ്ങളുടെ അഭ്യർഥന മാനിച്ച് കുറച്ചുകൂടി ദീർഘമായ, കുറച്ചുകൂടി നയതന്ത്രപരമായ മാർഗമാണ് ഞങ്ങൾ സ്വീകരിക്കുന്നത്’ എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പുതിയ ആക്രമണസാധ്യത നിലനിൽക്കുമ്പോഴും ഇറാൻ മുന്നോട്ടുവച്ച ഏഴ് നിബന്ധനകൾ അംഗീകരിച്ചാൽ ചർച്ചകൾക്ക് തയ്യാറാണെന്ന ഗാലിബാഫിന്റെ പ്രസ്താവന പശ്ചിമേഷ്യയിലെ സംഘർഷത്തിൽ നിർണായകമാണ്. എന്നാൽ നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുമോ അതോ മേഖല വീണ്ടും പൂർണതോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങുമോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.