മുംബൈ: പാക്കിസ്ഥാനെതിരായ ആവേശകരമായ ഫൈനലിൽ ഒരു വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി ഏഷ്യാ കപ്പ് 2026 കിരീടം ചൂടിയ ഇന്ത്യൻ അണ്ടർ 19 ടീമിനെ പ്രശംസിച്ച് ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ. 338 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായിട്ടും പതറാതെ പൊരുതിയ യുവതാരങ്ങളുടെ പ്രകടനമാണ് ഗംഭീറിനെ ഏറെ ആകർഷിച്ചത്. ടീമിന്റെ പോരാട്ടവീര്യത്തെയും ആത്മവിശ്വാസത്തെയും അഭിനന്ദിച്ച അദ്ദേഹം, ‘പോരാട്ടവീര്യത്തിന് ബാറ്റിങ് ഓർഡറില്ല’ എന്ന പ്രതികരണവും നടത്തി.
പാക്കിസ്ഥാനെതിരായ ഫൈനലിൽ അവസാന പന്തിൽ ബൗണ്ടറി നേടി മോഹിത് ഉൽവയാണ് ഇന്ത്യയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. ഇതോടെ ഇന്ത്യയുടെ ഏഷ്യാ കപ്പ് കിരീടനേട്ടം ഒമ്പതായി. 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 42-ാം ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 252 റൺസെന്ന നിലയിൽ വലിയ പ്രതിസന്ധിയിലായിരുന്നു. എന്നാൽ ഏഴാം നമ്പറിന് ശേഷമുള്ള ബാറ്റർമാരായ മനാൽ ചൗഹാനും മോഹിത് ഉൽവയും നടത്തിയ നിർണായക പോരാട്ടം ഇന്ത്യയെ വിജയത്തിലെത്തിച്ചു. മനാൽ 47 റൺസെടുത്തപ്പോൾ മോഹിത് 49 റൺസുമായി പുറത്താകാതെ നിന്നു.
‘‘‘ഭയമില്ലാത്ത ക്രിക്കറ്റ്, അചഞ്ചലമായ വിശ്വാസം, ആത്മവീര്യത്തിന് ബാറ്റിങ് ക്രമം എന്നൊന്നില്ല. വെൽ ഡൺ ബോയ്സ്.’’–!’ എന്നായിരുന്നു ഗംഭീർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്. ഏഷ്യാകപ്പിലെ താരമായ ആര്യവീർ സേവാഗിന്റെ പിതാവും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവുമായ വീരേന്ദർ സേവാഗും ഇന്ത്യൻ ടീമിനെ അഭിനന്ദനം അറിയിച്ചു. ‘‘എന്തൊരു മത്സരവും ഫിനിഷുമാണിത്. 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് പാകിസ്ഥാനെ തോൽപ്പിക്കുക എന്നതിന് അസാധാരണമായ മനോധൈര്യം ആവശ്യമാണ്. ലക്ഷ്യയുടെ 80, ആര്യവീറിന്റെ 58, നമുക്ക് ഒരു അദ്ഭുതം ആവശ്യമായ സമയത്ത് മനാൽ ചൗഹാന്റെയും മോഹിത് ഉൽവയുടേയും പ്രകടനം, ഇത് അവിശ്വസനീയമായ വിജയമാണിത്.’’– സേവാഗ് എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.
അതേസമയം മത്സരത്തിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയത് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ ആയിരുന്നു. ടൂർണമെന്റിലെ ടോപ് റൺസ് സ്കോററും ആര്യവീറാണ്. പാക്കിസ്ഥാനെതിരായ ഫൈനലിൽ ക്യാപ്റ്റൻ ലക്ഷ്യ റൈചന്ദാനിക്കൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച ആര്യവീർ ഇന്ത്യയുടെ വിജയത്തിന് ശക്തമായ അടിത്തറയിട്ടു. ഇരുവരും ചേർന്ന് 17.4 ഓവറിൽ 95 റൺസാണ് കൂട്ടിച്ചേർത്തത്. ലക്ഷ്യ 80 റൺസെടുത്തു.
ടൂർണമെന്റിൽ അഞ്ച് ഇന്നിങ്സുകളിൽനിന്നായി 90.25 ശരാശരിയിൽ 361 റൺസാണ് ആര്യവീർ നേടിയത്. ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 338 റൺസെന്ന വലിയ ലക്ഷ്യം പിന്തുടരാനാകുമെന്ന ആത്മവിശ്വാസം ടീമിനുണ്ടായിരുന്നുവെന്ന് മത്സരശേഷം ആര്യവീർ പറഞ്ഞു. ഡ്രസിങ് റൂമിൽ നടന്ന ചർച്ചകളിൽ പിച്ചിന്റെ ബാറ്റിങ് അനുകൂല സ്വഭാവമാണ് പ്രധാനമായും വിലയിരുത്തിയതെന്നും സാധാരണ രീതിയിൽ ബാറ്റ് ചെയ്ത് സ്വന്തം ഷോട്ടുകൾ കളിച്ചാൽ ലക്ഷ്യത്തിലെത്താമെന്ന വിശ്വാസം ടീമിനുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അവസാന ഓവറുകളിൽ വലിയ റൺസ് കണ്ടെത്താനുള്ള കഴിവ് ടീമിലെ ബാറ്റർമാർക്കുണ്ടായിരുന്നുവെന്നും ആര്യവീർ പറഞ്ഞു. അവസാന പത്ത് ഓവറുകളിൽ 100 അല്ലെങ്കിൽ 120 റൺസ് വരെ നേടാനുള്ള സാധ്യതയെക്കുറിച്ച് ടീം യോഗങ്ങളിൽ ചർച്ച ചെയ്യാറുണ്ടായിരുന്നു. അതിനാൽ ഒരാൾ ക്രീസിൽ നിലയുറപ്പിച്ച് അവസാനം വരെ ബാറ്റ് ചെയ്യേണ്ടത് അനിവാര്യമായിരുന്നു. ക്യാപ്റ്റൻ ലക്ഷ്യ റൈചന്ദാനി ആ ഉത്തരവാദിത്വം മികച്ച രീതിയിൽ നിറവേറ്റി. അവസാന ഘട്ടത്തിൽ മോഹിത് ഉൽവയും മനാൽ ചൗഹാനും നടത്തിയ പ്രകടനം അവിശ്വസനീയമായിരുന്നുവെന്നും ഇരുവരെയും അഭിനന്ദിക്കുന്നതായും ആര്യവീർ പറഞ്ഞു.