ആലപ്പുഴ: മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നതിനിടെ ഇതരസംസ്ഥാനത്തൊഴിലാളി മകളെ നിലത്തടിച്ചു കൊലപ്പെടുത്തി. അസമിലെ ബാരമതി സ്വദേശി പരിതോഷ് മണ്ഡൽ (27) ആണ് രണ്ടുവയസുകാരിയായ മകൾ ദീപികയെ നിലത്തടിച്ച് കൊലപ്പെടുത്തിയത്. ഭാര്യ റൊണ്ടോവാലിയുമായി വഴക്കിടുന്നതിനിടെയാണ് സംഭവം.
റൊണ്ടോവാലിയുടെ ഒക്കത്തിരുന്ന കുഞ്ഞിനെ പരിതോഷ് നിലത്തടിക്കുകയായിരുന്നു. മാങ്കാംകുഴി ജങ്ഷന് കിഴക്ക് വെട്ടിയാറിലാണ് പരിതോഷും കുടുബവും വാടകയ്ക്ക് താമസിച്ചിരുന്നത്. മേസ്തിരി പണിക്ക് സഹായിക്കുന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നത്.
കുഞ്ഞിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ട് സംശയം തോന്നിയ ഡോക്ടർ മാവേലിക്കര പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുറത്തികാട് പോലീസ് പ്രതിയെ പിടികൂടി. കുഞ്ഞിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.