മലപ്പുറം: യാത്രയ്ക്കിടെ സ്ത്രീകളുടെ ബാഗുകളിൽനിന്ന് പേഴ്‌സും പണവും മോഷ്ടിക്കുന്ന യുവതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശി ദേവിക സുധീഷ് (19) ആണ് പിടിയിലായത്. തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും യാത്രക്കാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്നതാണ് യുവതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി തിരൂർ റെയിൽവേ സ്റ്റേഷനിൽ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് റെയിൽവേ പൊലീസ് തിരൂർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പരിശോധനയിൽ യുവതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽനിന്നും താമസിച്ചിരുന്ന മുറിയിൽനിന്നും നിരവധി പേഴ്‌സുകൾ കണ്ടെത്തി. ഇവ മോഷ്ടിച്ചതാണെന്നാണ് പൊലീസിന്റെ സംശയം.
പൊന്നാനിയിൽ നടന്ന സമാനമായ മോഷണക്കേസിലും യുവതിക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. തിരക്കേറിയ പൊതുഗതാഗത കേന്ദ്രങ്ങളിൽ യാത്രക്കാരായ സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു മോഷണം. തിരക്കിനിടെ മറ്റുള്ളവരുടെ ശ്രദ്ധ മാറുന്ന സമയം പ്രയോജനപ്പെടുത്തി ബാഗുകളിൽനിന്ന് പണവും പേഴ്‌സും കൈക്കലാക്കുകയായിരുന്നു രീതിയെന്നും പൊലീസ് വ്യക്തമാക്കി.
പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന് കോഴിക്കോട് ജയിലിലേക്ക് മാറ്റി. മോഷ്ടിച്ച പേഴ്‌സുകളുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികളുണ്ടോയെന്നും മറ്റ് സ്ഥലങ്ങളിൽ നടന്ന മോഷണങ്ങളിൽ യുവതിക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.