ജയ്പൂർ: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ഹരിയാന സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കാനായി ആയിരക്കണക്കിന് കിലോമീറ്റർ യാത്ര ചെയ്ത് ഇന്ത്യയിലെത്തിയ കനേഡിയൻ വനിതയ്ക്ക് നിരാശ. വിവാഹത്തിനായി കാനഡയിൽനിന്ന് രാജസ്ഥാനിലെത്തിയ 61കാരിയെ വിവാഹം കഴിക്കാൻ യുവാവ് വിസമ്മതിച്ചതോടെയാണ് തർക്കമുണ്ടായത്. പിന്നാലെ കനേഡിയൻ വനിത എംബസിയെ സമീപിച്ചു. സംഭവത്തിൽ പൊലീസ് ഇടപെട്ട് യുവാവിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്റോർ ജില്ലയിലെ നീമ്രാനയിലാണ് സംഭവം. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നിതിനും കനേഡിയൻ വനിതയും ഏകദേശം ഒരു വർഷം മുമ്പാണ് ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടതെന്ന് നീമ്രാന പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേന്ദ്ര യാദവ് പറഞ്ഞു.
തുടക്കത്തിൽ സൗഹൃദത്തിലായിരുന്ന ഇരുവരും പിന്നീട് അടുത്ത ബന്ധത്തിലായി. ഒടുവിൽ വിവാഹം കഴിക്കാനും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ടൂറിസ്റ്റ് വിസയിൽ കനേഡിയൻ വനിത ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. നവംബർ 11ന് ഡൽഹിയിലെത്തി. വിമാനത്താവളത്തിലെത്തിയ നിതിൻ യുവതിയെ സ്വീകരിച്ച് രാജസ്ഥാനിലെ നീമ്രാനയിലേക്ക് കൊണ്ടുപോയി. നിതിന്റെ അമ്മാവന്റെയും അമ്മായിയുടെയും ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലായിരുന്നു ഇരുവരും താമസിച്ചത്.
രണ്ട് ദിവസത്തോളം നിതിനൊപ്പം ഫ്ലാറ്റിൽ കഴിഞ്ഞു. ഇതിനിടെ വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിച്ചു. എന്നാൽ രേഖകൾ പിരിശോധിച്ചപ്പോൾ പ്രായം ഏകദേശം 61 വയസാണെന്ന് അറിഞ്ഞതോടെ നിതിൻ വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. ഇതോടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.
നവംബർ 13ന് യുവതി കനേഡിയൻ എംബസിയെ ബന്ധപ്പെടുകയും സംഭവവികാസങ്ങൾ അറിയിക്കുകയും ചെയ്തു. എംബസിയിൽനിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് നീമ്രാന പൊലീസ് സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിതിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാനഡ സ്വദേശിനിയെ കോട്പുത്ലിയിലെ കോർ സെന്ററിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നിതിൻ സ്വകാര്യ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയാണ്.