നെടുമ്പാശ്ശേരി: വൻ മയക്കുമരുന്ന് കടത്തുകേസിലെ മുഖ്യസൂത്രധാരൻ രണ്ടുവർഷത്തിനുശേഷം പോലീസ് പിടിയിലായി. ഡാൻസറായ ആലുവ കൊടികുത്തുമല സിയോൺനഗറിൽ പാലത്തൂർ വീട്ടിൽ ലിജോ ജോയി (39) ആണ് അറസ്റ്റിലായത്. നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2024 ജൂൺ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗളൂരുവിൽനിന്ന് കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 316 ഗ്രാം എം.ഡി.എം.എ., രണ്ട് എൽ.എസ്.ഡി. സ്റ്റാമ്പുകൾ, 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയിൽവെച്ച് പോലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ ആലുവ ചാലയക്കൽ തോട്ടുമുഖം കുമ്പശേരി വീട്ടിൽ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ മറ്റൊരു പ്രധാന പ്രതിയായ തൃശൂർ തലപ്പിള്ളി പൈങ്കുളം മങ്ങാട്ടുതൊടി വീട്ടിൽ രാഗേഷ് എന്ന ജുമാഞ്ചി (32)യെ ഹിമാചൽ പ്രദേശിലെ കുളുവിൽനിന്നാണ് അന്വേഷണസംഘം പിടികൂടിയത്. വിവിധ കേന്ദ്രങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം ലിജോ ജോയിയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയം തോന്നാതിരിക്കാൻ ജുമാഞ്ചി മുഖേനയായിരുന്നു ലിജോ സാമ്പത്തിക ഇടപാടുകളെല്ലാം നടത്തിയിരുന്നത്. മയക്കുമരുന്ന് നിശ്ചിത സ്ഥലങ്ങളിൽ ‘ഡ്രോപ്പ്’ ചെയ്യുന്നവർ ആദ്യം അതിന്റെ ലൊക്കേഷൻ ജുമാഞ്ചിക്ക് കൈമാറും. തുടർന്ന് ഇയാൾ ഈ വിവരങ്ങൾ ലിജോയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇത്തരത്തിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐമാരായ അരുൺ രാജ്, അഭിജിത്, എ.എസ്.ഐ എം.വി. ബിനു, സി.പി.ഒ സജാസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് രണ്ടുവർഷത്തെ തിരച്ചിലിനൊടുവിൽ ലിജോയെ പിടികൂടിയത്.