ഗായികയും അവതാരകയുമായ റിമി ടോമിയുടെ വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നു. മുംബൈയിൽ താമസിക്കുന്ന മലയാളിയും ജിം പരിശീലകനും ബോഡി ബിൽഡറുമായ ലിബിൻ മാത്യുവാണ് വരൻ. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലാണ് വിവാഹം. റിമിയുടെ സഹോദരൻ റിങ്കു ടോമിയുടെ പിറന്നാൾ ദിനം കൂടിയാണ് ഇന്ന്. ഇതോടെ കുടുംബത്തിന് ഇരട്ടി സന്തോഷം പകരുന്ന ദിനമായി വിവാഹദിനം മാറുകയാണ്.
മുംബൈയിലെ ഡോംബിവല്ലിയിലാണ് വിവാഹം നടക്കുന്നതെന്ന് റിമി നേരത്തേ ആരാധകരെ അറിയിച്ചിരുന്നു. ലിബിൻ ജനിച്ചുവളർന്ന സ്ഥലമായതിനാലാണ് വിവാഹത്തിനായി ഡോംബിവല്ലി തിരഞ്ഞെടുത്തത്. സിനിമാ മേഖലയിലെ സുഹൃത്തുക്കളെ ഉൾപ്പെടെ ക്ഷണിക്കാതെ കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും വിവാഹമെന്നും താരം വ്യക്തമാക്കിയിരുന്നു.
വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ റിമി പങ്കുവച്ച കുറിപ്പും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ജീവിതത്തിൽ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ മനോഹരമായ അനുഗ്രഹങ്ങളായി മാറാറുണ്ടെന്നും പുതിയൊരു അധ്യായം തുടങ്ങാൻ കാത്തിരിക്കുകയാണെന്നും താരം കുറിച്ചു. പ്രിയപ്പെട്ടവനോടൊപ്പം ജീവിതം കെട്ടിപ്പടുക്കാനുള്ള ആഗ്രഹവും പങ്കുവച്ചു. എല്ലാവരുടെയും സ്നേഹവും പ്രാർഥനകളും അനുഗ്രഹങ്ങളും വേണമെന്നും റിമി അഭ്യർഥിച്ചിരുന്നു.
മാർച്ച് 10-നാണ് റിമിയും ലിബിനും ആദ്യമായി ഫോണിൽ സംസാരിച്ചത്. മാർച്ച് 14-ന് നേരിൽ കണ്ടു. നേരിൽ കാണുന്നതിന് മുൻപുതന്നെ ഫോൺ സംഭാഷണങ്ങളിലൂടെ ഇരുവരും അടുത്തിരുന്നു. ആദ്യമായി കണ്ട സമയത്തുതന്നെ വിവാഹത്തെക്കുറിച്ച് തീരുമാനിച്ചിരുന്നുവെന്നും റിമി വെളിപ്പെടുത്തിയിരുന്നു.
ലിബിൻ തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നാണ് റിമി വിശേഷിപ്പിച്ചത്. അദ്ദേഹത്തോടൊപ്പം കഴിയുമ്പോൾ ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും അനുഭവപ്പെടുന്നു. എന്തു സംഭവിച്ചാലും കൂടെയുണ്ടാകുമെന്ന ഉറപ്പ് നൽകുന്ന വ്യക്തിയാണ് ലിബിനെന്നും താരം പറഞ്ഞിരുന്നു.
വിവാഹക്കാര്യം അമ്മയുമായും പങ്കുവച്ചിരുന്നു. എന്നാൽ നേരിൽ കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത ഒരാളെ പെട്ടെന്ന് വിവാഹം കഴിക്കാൻ തീരുമാനിച്ചതിൽ അമ്മയ്ക്കും സ്വാഭാവികമായ ആശങ്കകളുണ്ടായിരുന്നു. എങ്കിലും തന്റെ വിവാഹം കാണണമെന്നത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നുവെന്നും റിമി കൂട്ടിച്ചേർത്തു.
ലിബിൻ മുംബൈയിൽ വളർന്നതിനാൽ മലയാളം സംസാരിച്ചിരുന്നില്ലെന്നും തന്നെ പരിചയപ്പെട്ട ശേഷമാണ് മലയാളം പഠിച്ചുതുടങ്ങിയതെന്നും റിമി വെളിപ്പെടുത്തിയിരുന്നു. ഇരുവരുടെയും പരിചയവും പ്രണയവും വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുള്ള വിശേഷങ്ങൾ ഇതിനോടകം ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
സംഗീതവേദികളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ റിമിയുടെ ജീവിതത്തിലെ പുതിയ തുടക്കത്തിന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തുകയാണ്.