BREAKING NEWS

‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ

· · 1 min read
Share: Copied!

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മുംബൈ ജുഹുവിലെ വസതിയായ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി കുടുംബത്തിൽ തർക്കം. വസ്തുവിന്റെ ഉടമസ്ഥാവകാശം ജയ ബച്ചന് കൈമാറിയ 1993-ലെ ഇഷ്ടദാന ആധാരത്തിന്റെ സാധുത ചോദ്യം ചെയ്ത് അമിതാഭ് ബച്ചന്റെ സഹോദരഭാര്യ രമോല ബച്ചൻ രംഗത്തെത്തി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇടപാട് നടന്നതെന്നാണ് രമോലയുടെ ആരോപണം.

അന്ധേരി കോപ്പറേറ്റീവ് സൊസൈറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ഓഫീസിലാണ് രമോല പരാതി നൽകിയത്. പരാതിയിൽ വാദം കേൾക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

അമിതാഭ് ബച്ചന്റെ ഇളയ സഹോദരൻ അജിതാഭ് ബച്ചന്റെ ഭാര്യയാണ് രമോല. കഴിഞ്ഞ ഏഴുമാസത്തിനിടെ ഇവർ ഒന്നിലധികം പരാതികൾ നൽകിയിട്ടുണ്ടെന്ന് ‘മുംബൈ മിറർ’ റിപ്പോർട്ട് ചെയ്യുന്നു. ജയ ബച്ചന് കൈമാറുന്നതിന് മുമ്പ് ‘ജൽസ’ തന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നതെന്നാണ് രമോലയുടെ അവകാശവാദം.

കാപോൾ ഹൗസിങ് സൊസൈറ്റിയുടെ രേഖകളിൽ ജയ ബച്ചനാണ് ബംഗ്ലാവിന്റെ ഉടമ. എന്നാൽ, മഹാരാഷ്ട്ര സർക്കാരിന്റെ പ്രോപ്പർട്ടി കാർഡിൽ ഇപ്പോഴും രമോലയുടെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സർക്കാർ രേഖകളിൽനിന്ന് തന്റെ പേര് നീക്കം ചെയ്ത് ജയ ബച്ചന്റെ പേര് ചേർക്കാനുള്ള ശ്രമം നടന്നതോടെയാണ് പരാതി നൽകിയതെന്നും രമോല പറയുന്നു.

1993-ലെ ഇഷ്ടദാന ആധാരം തയ്യാറാക്കിയ രീതിയെയും രമോല ചോദ്യം ചെയ്തിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാതെ സാധാരണ വെള്ളക്കടലാസിലാണ് ആധാരം തയ്യാറാക്കിയതെന്നാണ് ആരോപണം. രേഖയിൽ സാക്ഷികളുടെ ഒപ്പുകളില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പിന്നീട് മഹാരാഷ്ട്ര സർക്കാരിന്റെ ‘അഭയ് യോജന’ പദ്ധതിക്ക് കീഴിൽ ആധാരം രജിസ്റ്റർ ചെയ്ത് ക്രമപ്പെടുത്തുകയായിരുന്നുവെന്നും രമോല ആരോപിക്കുന്നു.

പരാതി ലഭിച്ചതായും വാദം കേൾക്കാനുള്ള നടപടികൾ ആരംഭിച്ചതായും ഡെപ്യൂട്ടി രജിസ്ട്രാർ ഫയാസ് മുലാനി സ്ഥിരീകരിച്ചു. ബന്ധപ്പെട്ട കക്ഷികളോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തർക്കത്തിലുള്ള രേഖകളുടെ സാധുതയിലോ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിലോ അധികൃതർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. വിഷയത്തിൽ അമിതാഭ് ബച്ചനോ ജയ ബച്ചനോ പ്രതികരിച്ചിട്ടില്ല. തർക്കം കുടുംബകാര്യമാണെന്ന് വിശേഷിപ്പിച്ച അഭിഷേക് ബച്ചന്റെ വക്താവ് പ്രതികരിക്കാൻ വിസമ്മതിച്ചതായും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അമിതാഭ് ബച്ചൻ കുടുംബസമേതം താമസിക്കുന്ന വസതിയാണ് ‘ജൽസ’. എല്ലാ ഞായറാഴ്ചയും ഇവിടെവെച്ചാണ് അദ്ദേഹം ആരാധകരെ കാണുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ വസതിക്ക് മൂന്നുതവണ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026
BREAKING NEWS
റിമി ടോമിക്ക് ഇന്ന് വിവാഹം; ചടങ്ങ് വരൻ മുംബൈ മലയാളി ലിബിൻ മാത്യു ജനിച്ചുവളർന്ന ഡോംബിവല്ലിയിൽ , പങ്കെടുക്കുന്നത് അടുത്ത ബന്ധുക്കൾ മാത്രം
14 Nov 2026
BREAKING NEWS
ഒറ്റപ്പാലത്തെ പാൽക്കടയിൽ ജോലിചെയ്തിരുന്ന ​ഗുരുമൂർത്തി ചില്ലറക്കാരനല്ല; ബോളിവു‍ഡ് താരങ്ങളുടെ യാത്രാവഴികളുടെ ചിത്രങ്ങൾ ബിഷ്ണോയ് സംഘത്തിന് കൈമാറി; പ്രതിഫലമായി ലഭിച്ചത് 20,000 ഡോളർ, മുഴുവനും ഭാര്യയുടെ അക്കൗണ്ടിൽ ഭദ്രമാക്കി; തെളിവുകൾ പൊക്കി തൃശൂർ പോലീസ്
14 Nov 2026
BREAKING NEWS
കൊച്ചി തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടതിന് പിന്നാലെ മരുന്ന് വാങ്ങാൻ പുറത്തുപോയി; മഹാരാഷ്ട്ര സ്വദേശിയായ എൻജിനീയറെ കാണ്മാനില്ല; ഇന്നേക്ക് രണ്ട് ദിവസം
14 Nov 2026