തൃശൂർ: മുംബൈയിലെ വിവിധ സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തി ലോറൻസ് ബിഷ്ണോയ് സംഘത്തിന് കൈമാറിയതിന് തമിഴ്നാട് സ്വദേശി ഗുരുമൂർത്തിക്ക് പ്രതിഫലമായി ലഭിച്ചത് 20,000 ഡോളറിന് തുല്യമായ തുക. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ സഞ്ചരിക്കുന്ന വഴികളുടെ ചിത്രങ്ങളാണ് ഇയാൾ പകർത്തി നൽകിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അറസ്റ്റിലായ ഗുരുമൂർത്തിയുമായി തൃശൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് തുടങ്ങി.
ഒറ്റപ്പാലത്തുനിന്ന് അറസ്റ്റിലായ ഗുരുമൂർത്തിക്ക് ലോറൻസ് ബിഷ്ണോയ് സംഘവുമായുള്ള ബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് തൃശൂർ സിറ്റി എസിപി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം. തിരുനെൽവേലി സ്വദേശിയായ ഗുരുമൂർത്തി ദീർഘകാലം മുംബൈയിലായിരുന്നു. അവിടെ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെയാണ് ബിഷ്ണോയ് സംഘവുമായി ബന്ധം സ്ഥാപിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ സഞ്ചരിക്കുന്ന വഴികളുടെ ചിത്രങ്ങൾ പകർത്തി നൽകാനാണ് സംഘം ഗുരുമൂർത്തിയെ ഉപയോഗിച്ചിരുന്നത്. ഇതിന് പ്രതിഫലമായി ഡോളറുകളാണ് നൽകിയിരുന്നത്. ലഭിച്ച പണം ഇയാൾ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായും പൊലീസ് കണ്ടെത്തി. ചിത്രങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഉദുമൽപേട്ടയിലെ ഭാര്യവീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് രേഖകൾ പരിശോധിച്ചതിലൂടെയാണ് പണം ഭാര്യയുടെ അക്കൗണ്ടിലേക്ക് കൈമാറിയ വിവരം വ്യക്തമായത്.
ഗുരുമൂർത്തിക്ക് മറ്റ് ബന്ധങ്ങളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൃശൂർ സിറ്റി എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ നിരീക്ഷിച്ചുവന്നത്. നാലുമാസമായി ഒറ്റപ്പാലത്തെ ഒരു പാൽക്കടയിൽ ജോലിചെയ്യുകയായിരുന്നു ഗുരുമൂർത്തി. ഇവിടെനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
വിയ്യൂർ അതീവസുരക്ഷാ ജയിലിൽ റിമാൻഡിലായിരുന്ന ഗുരുമൂർത്തിയെ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇയാളിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതിനാൽ കസ്റ്റഡി കാലാവധി നീട്ടാൻ അന്വേഷണസംഘം ആവശ്യപ്പെട്ടേക്കും. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.