പാലക്കാട്: ഒറ്റപ്പാലം അനങ്ങനടിയിൽ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിക്ക് ഭീഷണിയെന്ന് പരാതി. പി.ടി.എ. ഫണ്ട് അടയ്ക്കാത്തതിന്റെ പേരിൽ അധ്യാപിക അപമാനിച്ചെന്ന പരാതി നൽകിയ കുട്ടിയെ കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തിയെന്നാണ് രക്ഷിതാക്കളുടെ ആരോപണം. പരാതി പിൻവലിച്ചില്ലെങ്കിൽ കുട്ടിക്കെതിരേ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കൾ പറഞ്ഞു.
ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലാണ് വിദ്യാർഥിനി അധ്യാപികയ്ക്കെതിരേ പരാതി നൽകിയത്. തുടർന്ന് രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് കോൺഗ്രസ് നേതാവ് കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. അധ്യാപികയോട് മാപ്പുപറയണമെന്നും നൽകിയ പരാതി പിൻവലിക്കണമെന്നും നേതാവ് ആവശ്യപ്പെട്ടതായി രക്ഷിതാക്കൾ പറഞ്ഞു.
കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിനെതിരേയാണ് രക്ഷിതാക്കളുടെ പരാതി. പി.ടി.എ. ഫണ്ട് അടയ്ക്കാത്തതിന്റെ പേരിൽ മറ്റു വിദ്യാർഥികളുടെ മുന്നിൽവെച്ച് അധ്യാപിക കുട്ടിയെ അപമാനിക്കുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഇതേത്തുടർന്ന് കുട്ടി ക്ലാസിൽ ബോധരഹിതയായി വീണു. എന്നാൽ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ അധ്യാപിക തയ്യാറായില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.
സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തേ അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെയാണ് പരാതി നൽകിയ വിദ്യാർഥിനിക്കെതിരേ ഭീഷണിയുണ്ടായെന്ന ആരോപണം ഉയർന്നിരിക്കുന്നത്.