തിരുവനന്തപുരം: സിപിഎമ്മിനും നേതാക്കൾക്കുമെതിരെ നടക്കുന്ന വ്യാജവാർത്തകളും അപവാദ പ്രചാരണങ്ങളും നിയമപരമായി നേരിടാൻ പ്രത്യേക ലീഗൽ സെൽ രൂപീകരിച്ച് സിപിഎം. കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവിനാണ് ലീഗൽ സെല്ലിന്റെ ചുമതല. പാർട്ടി വിപുലീകൃത കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് പുതിയ സംവിധാനം ഒരുക്കിയത്.
ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 30 മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഇതിനു പുറമെ എല്ലാ ജില്ലകളിലും അഭിഭാഷക കൂട്ടായ്മകൾക്കും രൂപം നൽകിയിട്ടുണ്ട്. ആകെ മുന്നൂറോളം അഭിഭാഷകരാണ് സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്. സിപിഎമ്മിന് പുറത്തുള്ള പ്രമുഖ അഭിഭാഷകരെയും കൂട്ടായ്മയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പാർട്ടിക്കും നേതാക്കൾക്കുമെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. വ്യാജവാർത്തകളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനൊപ്പം വിവരാവകാശ നിയമപ്രകാരമുള്ള ഇടപെടലുകൾക്കായി വിവരാവകാശ പ്രവർത്തകരുടെ പ്രത്യേക സംഘത്തെയും പാർട്ടി സജ്ജമാക്കിയിട്ടുണ്ട്.
നുണപ്രചാരണങ്ങളെ ഓരോ ഘട്ടത്തിലും തുറന്നുകാട്ടുമെന്ന് പി. രാജീവ് പ്രതികരിച്ചു. അതിനായി സാധ്യമായതെല്ലാം പാർട്ടി ചെയ്യുമെന്നും കേസുകൾ നടത്താൻ ആവശ്യമായ സംവിധാനങ്ങൾ പാർട്ടിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗൽ സെൽ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.