കൊച്ചി: അഭിമന്യു വധക്കേസ് വിചാരണയ്ക്കിടെ, തന്റെ പഠനകാലത്തു ഭക്ഷണം നൽകിയ കുട്ടിക്ക് അഭിമന്യു എഴുതിയ ഹൃദയസ്പർശിയായ കുറിപ്പിന്റെ ഫോട്ടോ കോടതിയിൽ ഹാജരാക്കി മഹാരാജാസ് കോളജിലെ അന്നത്തെ കെഎസ്‌യു ഭാരവാഹി തംജത്ത്. ‘പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, വയറുനിറയെ ഭക്ഷണം നൽകിയതിന് നന്ദി’ എന്നാണു നോട്ട്ബുക്കിൽനിന്നു കീറിയ കടലാസിൽ അഭിമന്യു എഴുതിയിരുന്നത്. ഈ കുറിപ്പാണ് സാക്ഷി തന്റെ മൊബൈൽ ഫോണിൽ ഫോട്ടോയെടുത്തു തംജത്ത് സൂക്ഷിച്ചിരുന്നത്.
ഭക്ഷണം നൽകിയ കുട്ടിയുടെ പാത്രത്തിൽ അഭിമന്യു വച്ചതാണ് ഈ കുറിപ്പെന്നും തംജത്ത് കോടതിയിൽ വിശദീകരിച്ചു. 2018 ൽ മഹാരാജാസ് കോളജിലെ സംഘർഷത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. 2018 കാലത്ത് എസ്എഫ്ഐയും മറ്റു സംഘടനകളുമായി സംഘർഷമില്ലായിരുന്നു. സംഭവദിവസം രാത്രി ഒന്നാം പ്രതി മുഹമ്മദ് വിളിച്ചിരുന്നു. കോളജ് ഗേറ്റിന് സമീപത്തുനിന്ന് തന്റെ ബൈക്ക് എടുത്തു മാറ്റണമെന്നു പറഞ്ഞാണു വിളിച്ചത്. പിന്നാലെയാണ് ആക്രമണ വിവരമറിഞ്ഞത്.
അഭിമന്യുവിന്റെ വിയോഗം തനിക്ക് കടുത്ത മാനസിക സമ്മർദമുണ്ടാക്കി. ഒരു വർഷത്തിനു ശേഷമാണ് മുക്തനായതെന്നും സാക്ഷി മൊഴി നൽകി. അതേസമയം എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.കെ. ബാലകൃഷ്ണനു മുന്നിൽ സാക്ഷി വിസ്താരം ഇന്നും തുടരും. ജി. മോഹൻരാജാണു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.