ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നിയമനം സംബന്ധിച്ച് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ സമവായമാകാത്ത സാഹചര്യത്തിൽ നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് തൽക്കാലം തുടരാൻ സാധ്യത. അധ്യക്ഷ പദവിക്കായി നേതാക്കൾക്കിടയിലെ അവകാശവാദങ്ങളും ചരടുവലികളും ശക്തമായതോടെ തൽക്കാലം നിയമന നടപടികൾ വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്.
അധ്യക്ഷ സ്ഥാനത്തേക്ക് ഒരു പേരിൽ ധാരണയിലെത്താൻ കഴിയാത്തതാണ് തീരുമാനം വൈകാൻ കാരണം. മന്ത്രിസഭാ പദവി വഹിക്കുന്നതിനൊപ്പം സംഘടനാ അധ്യക്ഷ സ്ഥാനവും സണ്ണി ജോസഫ് കൈകാര്യം ചെയ്യുന്നതിൽ തടസ്സമില്ലെന്ന സൂചനയാണ് കേന്ദ്ര നേതൃത്വം നൽകുന്നത്. കർണാടകയിൽ ഉപമുഖ്യമന്ത്രി പദവിക്കൊപ്പം ഡി.കെ. ശിവകുമാറും തെലങ്കാനയിൽ മുഖ്യമന്ത്രി പദവിക്കൊപ്പം രേവന്ത് റെഡ്ഡിയും പി.സി.സി. അധ്യക്ഷ പദവികൾ വഹിച്ച മുൻ മാതൃകകളും ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടുന്നുണ്ട്. സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാൻ സണ്ണി ജോസഫിന് കേന്ദ്ര നേതൃത്വം നിർദേശം നൽകിയതായാണ് വിവരം.
അതേസമയം, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനവും രാഹുൽ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട തിരക്കുകളും കാരണം ദേശീയ നേതൃത്വത്തിന് കേരളത്തിലെ അധ്യക്ഷ മാറ്റം സംബന്ധിച്ച ചർച്ചകൾക്ക് സമയം കണ്ടെത്താനായിട്ടില്ല. എല്ലാവർക്കും സ്വീകാര്യമായ ഒരു പേരിൽ ധാരണയിലെത്താതെ തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നത് പാർട്ടിയിൽ പുതിയ വിഭാഗീയതയ്ക്ക് വഴിവെക്കുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. അതിനാൽ അധ്യക്ഷ മാറ്റം സംബന്ധിച്ച ചർച്ചകൾ ഇനിയും നീളാനാണ് സാധ്യത.