കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണ സംഘം. വ്യാഴാഴ്ചയാണ് കൗമാരക്കാരന്റെ മൊഴി രേഖപ്പെടുത്തിയത്. പിതാവിന്റെ അസാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്താൻ ജില്ലാ ക്രൈം ബ്രാഞ്ച് കോടതിയിൽ നിന്ന് അനുമതി വാങ്ങിയിരുന്നു. സോഷ്യൽ ബാഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായിട്ടാണ് പതിനേഴുകാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.
അതേസമയം മുൻപും താൻ വാഹനം ഓടിച്ചിട്ടുണ്ടെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. കാറും ബൈക്കും ഓടിച്ചിട്ടുണ്ട്. ബൈക്കുമായി സ്‌കൂളിൽ പോയിട്ടുണ്ടെന്നും പതിനേഴുകാരൻ സമ്മതിച്ചു. പ്രതി മുൻപ് വാഹനം ഓടിച്ചിരുന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് നേരത്തെ തെളിവ് ലഭിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് മൊഴി. അതുപോലെ പതിനേഴുകാരൻ ബൈക്ക് ഓടിച്ച് സ്‌കൂളിൽ പോയിരുന്നുവെന്ന് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി മുൻപ് ആരോപിച്ചിരുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഉടൻ സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് നൽകും.
ഇതിനിടെ കേസിൽ പതിനേഴുകാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യം നൽകി പ്രതിയെ വിട്ടത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യും. പ്രതിയെ ഒബ്സർവേഷൻ ഹോമിൽ അയക്കണം. കേവലം അശ്രദ്ധമൂലമല്ല അപകടമുണ്ടായത്. മനുഷ്യ ജീവന് വിലകൽപ്പിക്കാത്ത മനോഭാവമാണ് പ്രതി കാട്ടിയത്. പ്രതിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള ജുഡീഷ്യൽ ഓഫീസറാണ്. തെളിവ് നശിപ്പിക്കപ്പെടാമെന്നും കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തേ പതിനേഴുകാരന് ജാമ്യം നൽകിയതിനെതിരെ ജയബാലകൃഷ്ണന്റെ കുടുംബം അടക്കം നൽകിയ അപ്പീലുകൾ എറണാകുളം പ്രത്യേക സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. കുടുംബത്തിന്റെ ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയയ്ക്കുകയും സർക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ഹർജി ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
അതേസമയം പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകളെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പതിനേഴുകാരന് ജാമ്യം നൽകിയതിനെതിരെ സമർപ്പിച്ച അപ്പീലുകൾ എറണാകുളം പ്രത്യേക സെഷൻസ് കോടതി തള്ളിയത്. അപ്പീലുകളിൽ ഗുരുതര വീഴ്ചയുള്ളതായി കോടതി നിരീക്ഷിച്ചിരുന്നു. പിഴ ചുമത്താതിരിക്കാൻ പ്രോസിക്യൂഷൻ കാരണം ബോധിപ്പിക്കണമെന്ന് കോടതി പറഞ്ഞിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് കോടതി ചോദിച്ചിരുന്നു. ഗുരുതര കുറ്റം അല്ലെങ്കിൽ ജുവനൈലിനെതിരെ എഫ്ഐആർ ഇടാനാകില്ല. ജുവനൈൽ കേസുകളിൽ കുറഞ്ഞത് ഏഴ് വർഷം തടവ് കിട്ടുന്ന കുറ്റങ്ങൾക്ക് മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ എന്നും കോടതി പറഞ്ഞിരുന്നു
ഒക്ടോബർ 25 പുലർച്ച രണ്ടരയോടെയാണ് ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട നടത്തുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ചത്. ഇതിന് പിന്നാലെ പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തു. കാർ ഓടിക്കാനുള്ള ആഗ്രഹം കാരണം വീട്ടുകാരുടെ അറിവില്ലാതെയാണ് താൻ വാഹനവുമായി പുറത്തിറങ്ങിയതെന്നായിരുന്നു കുട്ടി പോലീസിന് നൽകിയ മൊഴി. ഇരുട്ടും മഴയുമുള്ള സമയമായതിനാൽ റോഡിൽ വാഹനങ്ങൾ കണ്ടിരുന്നില്ല. സ്‌കൂട്ടർ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും പതിനേഴുകാരൻ മൊഴി നൽകിയിരുന്നു. പോ
ലീസ് പിന്നീട് പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പോലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. ഇതിന് പിന്നാലെ രാത്രി വൈകിയാണ് 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തിയത്.