തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യാ പ്രേരണക്കേസിൽ ഏനാത്ത് പോലീസിന്റെ വീഴ്ച ആരോപിച്ച് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പത്തനംതിട്ട കടമ്പനാട് സ്വദേശിനിയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പോലീസിനെതിരെ ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. യുവതിക്ക് ഭർത്താവിൽനിന്ന് മർദനമേറ്റ വിവരം പോലീസിന് നേരത്തേ അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ.
യുവതിക്ക് മർദനമേറ്റിട്ടുണ്ടെന്ന് സി.ഐ. എസ്.ഐയോട് പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം നടന്ന ഫെബ്രുവരി 14ന് രാവിലെ 10.10നാണ് സി.ഐ. ഇക്കാര്യം സംസാരിക്കുന്നത്. യുവതിയുടെ ഭർത്താവ് അനിൽകുമാർ ഫോൺ എടുത്തുകൊണ്ടുപോയതായും സി.ഐ. പറയുന്നുണ്ട്.
യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന പാടുകൾ മരണത്തിന് മണിക്കൂറുകൾക്കുമുമ്പ് ഉണ്ടായതാണെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളുണ്ടായിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. ഭർത്താവിനെതിരേ പരാതി നിലനിൽക്കെ, ആത്മഹത്യാ പ്രേരണക്കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരിയെയാണ് ഏനാത്ത് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. എന്നാൽ, ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ഭർത്താവ് അനിൽകുമാറിനെ അറസ്റ്റ് ചെയ്തത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് എട്ടുമാസം മുമ്പാണ് സുഹൈലിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട കടമ്പനാട്ടെ സ്വകാര്യ സ്കൂളിലെ റിസപ്ഷനിസ്റ്റായ 35-കാരിയെ ഫെബ്രുവരി 14ന് പുലർച്ചെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ സ്കൂളിൽ സുഹൈലിന്റെ സഹപ്രവർത്തകയായിരുന്നു യുവതി. യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലും ഡയറിക്കുറിപ്പിലും സുഹൈൽ അൻസാരിയിൽനിന്ന് മാനസികവും ശാരീരികവുമായ പീഡനമുണ്ടായതായി പരാമർശിച്ചിരുന്നു.