വാഷിങ്ടൺ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ സൈനിക വിമാനങ്ങളിലെ യാത്രകൾ വിവാദത്തിൽ. മകന്റെ കോളേജ് ഫുട്ബോൾ മത്സരങ്ങൾ കാണുന്നതിനായി ഫ്ലോറിഡയിലേക്ക് നിരന്തരം സൈനിക വിമാനങ്ങളിൽ യാത്ര ചെയ്തതിലൂടെ നികുതിദായകരുടെ പണം വൻതോതിൽ ചെലവായെന്നാണ് വാഷിങ്ടൺ പോസ്റ്റിന്റെ അന്വേഷണ റിപ്പോർട്ട്. 15 സ്വകാര്യ യാത്രകൾക്കായി മാത്രം 12 ലക്ഷം ഡോളറിലധികം (ഏകദേശം 10.7 കോടി രൂപ) ചെലവായെന്നാണ് റിപ്പോർട്ടിലെ കണക്ക്. ഔദ്യോഗിക ആവശ്യങ്ങൾക്കായി പൊതുപണം ഉപയോഗിച്ച് യാത്ര ചെയ്യേണ്ടിവരുന്ന മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ വ്യക്തിപരമായ ആവശ്യങ്ങൾക്കും ഇത്തരം സൗകര്യങ്ങൾ എത്രത്തോളം ഉപയോഗിക്കാമെന്ന ചർച്ചയ്ക്കും സംഭവം വഴിവെച്ചിട്ടുണ്ട്.
അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ
കഴിഞ്ഞ രണ്ട് സീസണുകളിലായി ഫ്ലോറിഡ സർവകലാശാലയുടെ കുറഞ്ഞത് പത്ത് ഫുട്ബോൾ മത്സരങ്ങൾ റൂബിയോ നേരിട്ടെത്തി കണ്ടതായാണ് വാഷിങ്ടൺ പോസ്റ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിൽ അഞ്ച് മത്സരങ്ങൾ ഈ വർഷത്തെ ശരത്കാല സീസണിലായിരുന്നു. റൂബിയോയുടെ മകൻ ആന്റണി റൂബിയോ ഫ്ലോറിഡ ഗേറ്റേഴ്സ് ടീമിലെ വാക്ക്-ഓൺ റണ്ണിങ് ബാക്ക് താരമാണ്.
സൈനിക വിമാനങ്ങളിൽ ഗെയ്ൻസ്വില്ലിലേക്ക് റൂബിയോ നടത്തിയ 23 യാത്രകളിൽ 15 എണ്ണവും വ്യക്തിപരമായ ആവശ്യങ്ങൾക്കായിരുന്നുവെന്നാണ് പത്രത്തിന്റെ റിപ്പോർട്ട്. വിവിധ സൈനിക വിമാനങ്ങളുടെ ഒരു മണിക്കൂർ പ്രവർത്തനച്ചെലവ് സംബന്ധിച്ച് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ പ്രസിദ്ധീകരിച്ച കണക്കുകൾ അടിസ്ഥാനമാക്കിയാണ് യാത്രകൾക്ക് 12 ലക്ഷം ഡോളറിലധികം ചെലവായതായി വാഷിങ്ടൺ പോസ്റ്റ് വിലയിരുത്തിയത്.
മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽനിന്ന് മിയാമിക്ക് സമീപമുള്ള ഹോംസ്റ്റഡ് എയർ റിസർവ് ബേസിലേക്കും അവിടെനിന്ന് മറ്റൊരു വിമാനത്തിൽ ഗെയ്ൻസ്വില്ലിലേക്കുമായിരുന്നു റൂബിയോയുടെ യാത്രകളിൽ പലതും. നവംബർ ഏഴിന് എയർഫോഴ്സിന്റെ സി-37 വിമാനത്തിലാണ് റൂബിയോ ഗെയ്ൻസ്വില്ലിലെത്തിയത്. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ കൊണ്ടുപോകാൻ സാധാരണയായി ഉപയോഗിക്കുന്ന വിമാനമാണിത്. അന്ന് ഫ്ലോറിഡ ഗേറ്റേഴ്സും ഒക്ലഹോമയും തമ്മിലുള്ള മത്സരം കാണാനെത്തിയ റൂബിയോയുടെ മകന്റെ ടീം 23-7ന് പരാജയപ്പെട്ടു. ആ മത്സരത്തിൽ ആന്റണി കളത്തിലിറങ്ങിയിരുന്നില്ല.
ആന്റണിയുടെ കളിസമയം വളരെ കുറവാണെന്നതും യാത്രകളെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. റൂബിയോയുടെ നാല് മക്കളിൽ മൂന്നാമനായ ആന്റണി ഇപ്പോൾ സർവകലാശാലയിലെ അവസാന വർഷ വിദ്യാർഥിയാണ്. നാല് വർഷത്തെ കോളേജ് കരിയറിൽ ആകെ നാല് മത്സരങ്ങളിൽ മാത്രമാണ് താരത്തിന് കളിക്കാൻ അവസരം ലഭിച്ചത്. ഇതിൽ രണ്ടെണ്ണം ഈ സീസണിലായിരുന്നു.
സുരക്ഷാ ക്രമീകരണങ്ങളും ധാർമികത സംബന്ധിച്ച ചോദ്യങ്ങളും
അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയെന്ന നിലയിൽ റൂബിയോയ്ക്ക് സൈനിക വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടത് സുരക്ഷാ ചട്ടങ്ങളുടെ ഭാഗമാണ്. പ്രതിരോധ സെക്രട്ടറി, എഫ്ബിഐ, സിഐഎ ഡയറക്ടർമാർ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർക്കും സമാനമായ ക്രമീകരണങ്ങളുണ്ട്. യാത്രയ്ക്കിടയിലും സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിക്കാനും അടിയന്തര സാഹചര്യങ്ങളിൽ സർക്കാർ പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കാനുമാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ മുൻ വിദേശകാര്യ സെക്രട്ടറിമാരെ അപേക്ഷിച്ച് റൂബിയോ സർക്കാർ വിമാനങ്ങൾ കൂടുതൽ തവണ ഉപയോഗിക്കുന്നതായാണ് വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. ജോ ബൈഡൻ ഭരണകാലത്ത് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആന്റണി ബ്ലിങ്കൻ വ്യക്തിപരമായ ആവശ്യങ്ങൾക്കായി സർക്കാർ വിമാനങ്ങളിൽ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് യാത്ര ചെയ്തിരുന്നതെന്ന് പത്രം ഉദ്ധരിച്ച രണ്ട് മുൻ ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യക്തിപരമായ ആവശ്യങ്ങൾക്കായി സൈനിക വിമാനങ്ങളിൽ യാത്ര ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ സാധാരണ ഇക്കണോമി ക്ലാസ് വിമാനടിക്കറ്റിന് തുല്യമായ തുക സർക്കാരിന് തിരിച്ചടയ്ക്കണം. എന്നാൽ വിമാനത്തിന്റെ യഥാർഥ പ്രവർത്തനച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുക വളരെ കുറവാണ്.
റൂബിയോ ഈ യാത്രകൾക്കായി എത്ര തുക തിരിച്ചടച്ചുവെന്ന് അദ്ദേഹമോ വിദേശകാര്യ വകുപ്പോ വെളിപ്പെടുത്തിയിട്ടില്ലെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വാഷിങ്ടണിലെ പൗരാവകാശ-സർക്കാർ ഉത്തരവാദിത്ത നിരീക്ഷണ സംഘടനയായ സിറ്റിസൺസ് ഫോർ റെസ്പോൺസിബിലിറ്റി ആൻഡ് എത്തിക്സിലെ മുതിർന്ന ധാർമിക ഉപദേഷ്ടാവ് സിന്തിയ ബ്രൗൺ വിഷയത്തിൽ പ്രതികരിച്ചു. റൂബിയോയുടെ യാത്രകൾ നിയമലംഘനത്തേക്കാൾ പൊതുജനങ്ങൾക്കിടയിലെ പ്രതിച്ഛായയുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് അവർ അഭിപ്രായപ്പെട്ടു. എന്നാൽ യാത്രകളുടെ ആവർത്തനം ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ നികുതിദായകരുടെ പണം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ടെന്നും, ഇത്തരം യാത്രകൾ ഔദ്യോഗിക സേവനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ബ്രൗൺ വാഷിങ്ടൺ പോസ്റ്റിനോട് പറഞ്ഞു. സാങ്കേതികമായി തെറ്റായ നടപടിയൊന്നും റൂബിയോ ചെയ്തിട്ടില്ലായിരിക്കാമെന്നും എന്നാൽ എത്ര തവണയും എത്ര ദൂരവും യാത്ര ചെയ്യണമെന്നത് തീരുമാനിക്കുന്നത് അദ്ദേഹമാണെന്നും ബ്രൗൺ ചൂണ്ടിക്കാട്ടി.
യാത്രകളെ ന്യായീകരിച്ച് റൂബിയോ
വാഷിങ്ടൺ പോസ്റ്റിന് നൽകിയ പ്രസ്താവനയിൽ റൂബിയോ തന്റെ യാത്രകളെ ന്യായീകരിച്ചു. തനിക്കും കുടുംബത്തിനും പ്രാധാന്യമുള്ള പരമാവധി പരിപാടികളിൽ പങ്കെടുക്കാൻ ഇനിയും ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സർക്കാർ വിമാനങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ റൂബിയോ മുൻപ് നടത്തിയ വിമർശനങ്ങളും ഇപ്പോൾ വീണ്ടും ചർച്ചയാകുന്നുണ്ട്. 2023ൽ ഫ്ലോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്ററായിരിക്കെ, അന്നത്തെ ഗതാഗത സെക്രട്ടറി പീറ്റ് ബട്ടിഗീഗ് വ്യക്തിപരമായ യാത്രകൾക്കായി സർക്കാർ വിമാനങ്ങൾ ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് റൂബിയോ ആവശ്യപ്പെട്ടിരുന്നു.
അമേരിക്കൻ നികുതിദായകരുടെ പണം ഉന്നത സർക്കാർ ഉദ്യോഗസ്ഥർ പാഴാക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നായിരുന്നു അന്ന് റൂബിയോയുടെ പ്രതികരണം. തുടർന്ന് ഗതാഗത വകുപ്പിന്റെ ഇൻസ്പെക്ടർ ജനറൽ നടത്തിയ പരിശോധനയിൽ ബട്ടിഗീഗ് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ആകെ 59,000 ഡോളർ ചെലവായ എട്ട് യാത്രകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
എന്നാൽ റൂബിയോയുടെ യാത്രകളെ ബട്ടിഗീഗിന്റെ യാത്രകളുമായി താരതമ്യം ചെയ്യുന്നത് യുക്തിരഹിതമാണെന്ന് വിദേശകാര്യ സഹമന്ത്രി ഡിലൻ ജോൺസൺ ബുധനാഴ്ച എക്സിലൂടെ പ്രതികരിച്ചു.
അമേരിക്കൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, യുദ്ധകാര്യ സെക്രട്ടറി തുടങ്ങിയവരെപ്പോലെ വിദേശകാര്യ സെക്രട്ടറിയും സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങൾ നിലനിർത്തുന്നതിനും സർക്കാർ പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനുമുള്ള ചട്ടങ്ങൾ പാലിക്കേണ്ടതിനാൽ സൈനിക വിമാനങ്ങളിൽ യാത്ര ചെയ്യാൻ നിർബന്ധിതനാണെന്ന് ജോൺസൺ വിശദീകരിച്ചു. എന്നാൽ ബട്ടിഗീഗിന് സൈനിക വിമാനങ്ങളിൽ യാത്ര ചെയ്യണമെന്ന നിർബന്ധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
റൂബിയോ സർക്കാർ വിമാനങ്ങൾ തുടർന്നും ഉപയോഗിക്കുമെന്നും വ്യക്തിപരമായ യാത്രകൾക്കുള്ള തുക സർക്കാരിന് തിരിച്ചടയ്ക്കുമെന്നും ജോൺസൺ വ്യക്തമാക്കി. ഔദ്യോഗിക ചുമതലകൾ അനുവദിക്കുന്നിടത്തോളം മകന്റെ ഫുട്ബോൾ മത്സരങ്ങൾ ഉൾപ്പെടെ കുടുംബത്തിന് പ്രാധാന്യമുള്ള പരിപാടികളിൽ പങ്കെടുക്കുന്നത് റൂബിയോ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.