BREAKING NEWS

ട്രംപും ബിബിയും അടിച്ചു പിരിഞ്ഞോ? ഇറാൻ യുദ്ധം വീണ്ടും തുടങ്ങണമെന്ന് നെതന്യാഹു, ‘ഭ്രാന്തൻ’ എന്നു വിളിച്ച് ട്രംപ്!! അമേരിക്കൻ പ്രസിഡന്റും ഇസ്രയേൽ പ്രധാനമന്ത്രിയും തമ്മിൽ ഫോണിൽ പൊരിഞ്ഞ വാക്കേറ്റം- റിപ്പോർട്ട്; ‘പൂർണമായും വ്യാജവാർത്ത’യെന്ന് ഇസ്രയേൽ… ട്രംപിനുമേൽ നെതന്യാഹു നടത്തുന്ന സമ്മർദത്തിൽ ആശങ്ക പ്രകടിപ്പിച്ച് അറബ്- മുസ്ലിം രാജ്യങ്ങൾ

· · 1 min read
Share: Copied!

ടെൽഅവീവ്: ഇറാനെതിരായ യുദ്ധം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം. കഴിഞ്ഞ വാരാന്ത്യത്തിൽ ഇരുനേതാക്കളും നടത്തിയ ഫോൺ സംഭാഷണം വലിയ വാക്കേറ്റത്തിൽ കലാശിച്ചെന്നാണ് റിപ്പോർട്ട്. ‘നരകതുല്യമായ നിലവിളിയോടെയുള്ള വാക്കേറ്റം’ (A shouting match from hell) നടന്നതായാണ് ഇസ്രയേൽ വാർത്താ വെബ്സൈറ്റായ വൈനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്.

ഇറാനെതിരായ സൈനികാക്രമണങ്ങൾ പുനരാരംഭിക്കണമെന്ന നെതന്യാഹുവിന്റെ നിലപാടും സൈനിക നടപടിക്ക് പകരം നയതന്ത്ര ചർച്ചകൾക്കും സാമ്പത്തിക സമ്മർദത്തിനും മുൻഗണന നൽകുന്ന ട്രംപിന്റെ സമീപനവുമാണ് ഇരുവരും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. എന്നാൽ ഫോൺ സംഭാഷണം രൂക്ഷമായിരുന്നുവെന്ന വാർത്ത നെതന്യാഹുവിന്റെ ഓഫീസ് നിഷേധിച്ചു. ‘വ്യാജവാർത്ത, പൂർണമായും അസംബന്ധം’ എന്നായിരുന്നു ഓഫീസിന്റെ പ്രതികരണം. സംഭാഷണം നടന്നതായി മറ്റൊരു മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചെങ്കിലും അതൊരു ബുദ്ധിമുട്ടേറിയ സംഭാഷണമായിരുന്നില്ലെന്ന് വ്യക്തമാക്കി.

ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് ട്രംപും നെതന്യാഹുവും മുമ്പും ഫോണിലൂടെ ഏറ്റുമുട്ടിയിട്ടുണ്ട്. ജൂണിൽ ഇരുവരും തമ്മിൽ പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടർന്ന് ഒരു സംഭാഷണത്തിനിടെ നെതന്യാഹുവിനെ ‘ഭ്രാന്തൻ’ എന്ന് വിളിച്ചതായി ട്രംപ് വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ചൊവ്വാഴ്ച 26-ാമത് നെസറ്റിന്റെ (ഇസ്രയേൽ പാർലമെന്റ്) സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ ഇറാനെതിരായ നിലപാടിൽ അമേരിക്കയുമായും ഇസ്രയേലിനുള്ളിലും നിലനിൽക്കുന്ന ഭിന്നതകൾ നെതന്യാഹു തുറന്നുപറഞ്ഞു. ഇറാൻ തങ്ങളുടെ ആണവശേഷി പുനർനിർമിക്കാൻ സജീവമായി ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അയത്തൊള്ള ഭരണകൂടത്തെ അധികാരത്തിൽനിന്ന് പുറത്താക്കുക മാത്രമാണ് ഇറാനിൽനിന്നുള്ള അസ്തിത്വ ഭീഷണി ശാശ്വതമായി ഇല്ലാതാക്കാനുള്ള ഏക മാർഗമെന്നും നെതന്യാഹു പറഞ്ഞു.

ഇറാന്റെ അയത്തൊള്ള ഭരണകൂടത്തെ അട്ടിമറിക്കാതെ ഈ ഭീഷണി പൂർണമായി അവസാനിപ്പിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ആണവായുധ ശേഷിയുള്ള ഇറാനെ അംഗീകരിക്കാനും ഗാസ, ലെബനൻ, സിറിയ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ അടുത്തിടെ സൈനികമായി നേടിയ നേട്ടങ്ങളിൽനിന്ന് പിന്മാറാനും ഇസ്രയേലിന് വൈകാതെ അന്താരാഷ്ട്ര സമ്മർദം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമംയ ഇറാനെതിരായ ആക്രമണം പുനരാരംഭിക്കണമെന്ന് നെതന്യാഹു നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ട്രംപ് അതിന് തയ്യാറായിട്ടില്ല. പകരം നയതന്ത്ര ചർച്ചകളിലൂടെയും സാമ്പത്തിക ഉപരോധങ്ങളിലൂടെയും ഇറാനെ വിട്ടുവീഴ്ചകൾക്ക് നിർബന്ധിക്കാനാണ് അമേരിക്കൻ പ്രസിഡന്റിന്റെ നീക്കം.

നെതന്യാഹു ദിവസവും ട്രംപിനെ ഫോണിൽ വിളിച്ച് ഇറാനെതിരായ യുദ്ധം പുനരാരംഭിക്കാൻ ആവശ്യപ്പെടുകയാണെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. യുദ്ധം പുനരാരംഭിക്കുന്നതിനെ അനുകൂലിക്കാത്ത വൈറ്റ് ഹൗസിനുള്ളിലെയും പുറത്തെയും വിഭാഗങ്ങൾ നെതന്യാഹുവിന്റെ സമ്മർദത്തെ ചെറുക്കാൻ ശ്രമിക്കുകയാണെന്ന് ചർച്ചകളെക്കുറിച്ച് അറിവുള്ള ഒരാളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. സംഘർഷം രൂക്ഷമാക്കരുതെന്നും ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും മേഖലയിലെ നേതാക്കൾ ട്രംപിനോട് ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ഇറാനെതിരായ ആക്രമണം പുനരാരംഭിക്കണമെന്ന് നെതന്യാഹു ആഗ്രഹിക്കുന്നുണ്ടെങ്കിലും ട്രംപിനെ അതിന് പ്രേരിപ്പിക്കുന്നതിനുള്ള ശക്തമായ നീക്കം നിലവിൽ നടക്കുന്നില്ലെന്നാണ് ഇസ്രയേലിലെ സാഹചര്യങ്ങളെക്കുറിച്ച് അറിവുള്ള മറ്റൊരാളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് വ്യക്തമാക്കുന്നത്. ട്രംപിനുമേൽ നെതന്യാഹു നടത്തുന്ന സമ്മർദത്തിൽ അറബ്, മുസ്ലിം രാജ്യങ്ങളുടെ നേതാക്കൾ ആശങ്കാകുലരാണെന്നും റിപ്പോർട്ടിലുണ്ട്.

ഇറാനെതിരായ യുദ്ധം വീണ്ടും ആരംഭിക്കുമോ എന്ന ചോദ്യം ഞായറാഴ്ച ’60 മിനിറ്റ്സ്’ അഭിമുഖത്തിൽ ട്രംപിനോട് ഉന്നയിച്ചിരുന്നു. എന്നാൽ യുദ്ധം പുനരാരംഭിക്കേണ്ടതിന് എന്തെങ്കിലും കാരണമുണ്ടെന്ന് താൻ കരുതുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇറാനുമേലുള്ള സാമ്പത്തിക സമ്മർദം തുടരുന്നതിലൂടെ രാജ്യത്തെ ചർച്ചകളിൽ കൂടുതൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാക്കാമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ.

ഇറാനെതിരായ സൈനിക നടപടി പുനരാരംഭിച്ച് അവിടത്തെ ഭരണകൂടത്തെ അട്ടിമറിക്കണമെന്ന നെതന്യാഹുവിന്റെ നിലപാടും നയതന്ത്ര ചർച്ചകളിലൂടെയും സാമ്പത്തിക സമ്മർദത്തിലൂടെയും പ്രശ്നം പരിഹരിക്കണമെന്ന ട്രംപിന്റെ സമീപനവും തമ്മിലുള്ള വലിയ അന്തരമാണ് ഈ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഇരുനേതാക്കളും തമ്മിലുള്ള വാരാന്ത്യ ഫോൺ സംഭാഷണം രൂക്ഷമായ വാക്കേറ്റത്തിൽ കലാശിച്ചെന്ന വാർത്ത ഇസ്രയേൽ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്.

BREAKING NEWS
അഭിരാം കൊലക്കേസിൽ പുതിയ വഴിത്തിരിവ്... എത്ര മറയ്ക്കാൻ ശ്രമിച്ചിട്ടും ആ തെളിവുകൾ മറയ്ക്കാനായില്ല!! കൃത്യം നടന്ന സ്ഥലത്തെ മണ്ണ് ഒന്നാം പ്രതിയുടെ പാന്റ്‌സിൽ, രണ്ടാം പ്രതിയുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണ സംഘത്തിന്റെ കൈകളിൽ, പ്രതികൾ ലഹരി ഉപയോഗിച്ചതിനു ശേഷമാണോ കൃത്യം നടത്തിയത് എന്ന ...
13 Nov 2026
BREAKING NEWS
സ്വർണം വാങ്ങണമെങ്കിൽ ഇപ്പോൾ 'ബെസ്റ്റ് ടൈം'... ഇന്ന് പവന് ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുമോ? വ്യാപാരികൾക്കും ഉപഭോക്താക്കളുടെ സമ്പാദ്യത്തിലും ഇടിത്തീ
13 Nov 2026
BREAKING NEWS
മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ച: കേരളത്തിലെ ജ്വല്ലറികൾക്കും സുരക്ഷാ ഭീഷണി; പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
12 Nov 2026
BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026