ജയ്പൂർ: ഏഴ് വർഷം മുമ്പ് പിതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി യുവാവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി മകൻ. രാജസ്ഥാനിലെ ജയ്പൂരിലെ ജഗദംബ നഗറിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കൊല്ലപ്പെട്ട വിജയ് ബാജിയയുടെ തലയോട്ടിയിൽ കോടാലി തറച്ചുകയറുന്ന തരത്തിലായിരുന്നു ആക്രമണം. പിതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാനായി മകൻ ഹനീഷും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ക്രിമിനൽ പശ്ചാത്തലമുള്ള വിജയ് ബാജിയ 2019ൽ ഒരു മദ്യവിൽപ്പനശാലയിൽവച്ച് കൈലാഷ് എന്നയാളെ കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിൽ അറസ്റ്റിലായ വിജയ് പിന്നീട് ജയിലിലായി. ജയിൽമോചിതനായതോടെ കൈലാഷിന്റെ മകൻ ഹനീഷ് വിജയിനെതിരെ പലതവണ ആക്രമണശ്രമങ്ങൾ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകൾ പോലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് ബുധനാഴ്ച ഇരുവരും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായത്.
ഇതിനു പിന്നാലെ ഹനീഷും സുഹൃത്തുക്കളായ യുവരാജ് ചൗധരി, ദിനേഷ്, കമലേഷ് എന്നിവരും ചേർന്ന് വിജയിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു. വൈകിട്ട് മൂന്നുമണിയോടെ വാനിൽ വിജയിനെ പിന്തുടരാൻ തുടങ്ങി. രാത്രി 7.15ഓടെ കൽവാറിലെ വീട്ടിലേക്ക് കാറിൽ പോകുകയായിരുന്ന വിജയിന്റെ വാഹനത്തിലേക്ക് പ്രതികൾ വാൻ ഇടിച്ചുകയറ്റി.
ഇടിയുടെ ആഘാതത്തിൽ കാർ നിർത്തിയതോടെ വിജയ് വാഹനത്തിൽനിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കോടാലിയുമായി പിന്നാലെയെത്തിയ ഹനീഷ് വിജയിനെ ആക്രമിക്കുകയായിരുന്നു. അതിക്രൂരമായ ആക്രമണത്തിൽ വിജയ് സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ശക്തിയിൽ കോടാലി വിജയിന്റെ തലയോട്ടിയിൽ തറച്ചുകയറിയതായി പോലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
രാത്രി എട്ടുമണിയോടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (വെസ്റ്റ്) പ്രശാന്ത് കിരൺ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം ദൃക്സാക്ഷികൾ പകർത്തിയ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിൽനിന്ന് പ്രതികൾ സഞ്ചരിച്ച ക്യാമ്പർ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തുകയായിരുന്നു.
പുലർച്ചെ നാലുമണിയോടെ പ്രതികൾ എവിടെയുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുനിർത്തി പിടികൂടി. കൊലപാതകത്തിന് ഉപയോഗിച്ച ക്യാമ്പർ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
നാലുപേരിൽ മൂന്നുപേർക്കും മുൻപ് ക്രിമിനൽ കേസുകളൊന്നുമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വർഷങ്ങളായി നിലനിന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തിനുശേഷം മറ്റുവഴികളില്ലെന്ന് മനസ്സിലാക്കിയതോടെ പൊലീസിൽ കീഴടങ്ങാൻ തീരുമാനിച്ച് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായതെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
വിജയ് ബാജിയയുടെയും കൈലാഷിന്റെയും വീടുകൾ തമ്മിൽ ഏകദേശം 500 മീറ്റർ മാത്രമാണ് ദൂരമെന്നാണ് റിപ്പോർട്ടുകൾ. ഇരുകുടുംബങ്ങളും ഒരുകാലത്ത് ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. എന്നാൽ പിന്നീട് കുടുംബങ്ങൾക്കിടയിൽ തർക്കമുണ്ടായി. തുടർന്ന് കൈലാഷ് വിജയിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് 2019ൽ വിജയ് കൈലാഷിനെ കൊലപ്പെടുത്തിയത്. അന്നുമുതൽ കൈലാഷിന്റെ കുടുംബം പ്രതികാരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് ശിവ് കുമാർ ഭരദ്വാജിന്റെയും കർധാനി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സവായ് സിങ്ങിന്റെയും നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടാനുള്ള നടപടി. ഏഴ് വർഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ പ്രതികാരം തീർക്കാൻ നടത്തിയ ആസൂത്രിത ആക്രമണമാണ് ഒടുവിൽ മറ്റൊരു കൊലപാതകത്തിൽ കലാശിച്ചത്.