കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള അപേക്ഷയിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. അപേക്ഷ പിൻവലിച്ചാലും തച്ചങ്കരിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പരിശോധിക്കാൻ മെഡിക്കൽ ബോർഡ് അന്വേഷണത്തിന് സ്വമേധയാ ഉത്തരവിടുമെന്ന് കോടതി വ്യക്തമാക്കി. തച്ചങ്കരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ശ്വാസംമുട്ടൽ അനുഭവിക്കുന്ന ഒരാൾ ദുബായിലേക്ക് പോയിട്ട് എന്താണ് ചെയ്യാനെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇത് കോടതിയുടെ മാത്രമല്ല, ഇന്ത്യയിലെ ഒരു സാധാരണ പൗരന്റെ പോലും ചോദ്യമാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള അപേക്ഷ പിൻവലിക്കാൻ തച്ചങ്കരി അനുമതി തേടിയത്. എന്നാൽ, ഹർജി പിൻവലിച്ചാലും നിങ്ങളെ വെറുതെ വിടില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോട്ടയം വിജിലൻസ് കോടതിയാണ് തച്ചങ്കരിക്ക് നാല് വർഷം തടവും പിഴയും ശിക്ഷ വിധിച്ചത്. തുടർന്ന് ഹൈക്കോടതി ശിക്ഷ താൽക്കാലികമായി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടിയാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.