റോം: ഇ-മെയിൽ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെത്തുടർന്ന് ഇറ്റലിയിൽ മുന്നൂറിലധികം സ്കൂളുകൾ ഒഴിപ്പിച്ചു. സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ്, റിപ്പബ്ലിക് ഓഫ് അയർലൻഡ് എന്നിവിടങ്ങളിലെ സ്കൂളുകൾക്കും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ കാറിൽ സ്ഫോടകവസ്തു സ്ഥാപിച്ചിട്ടുണ്ടെന്നും ഒരു ഇ-മെയിൽ സന്ദേശത്തിൽ മുന്നറിയിപ്പുണ്ടായിരുന്നു.
ഭീഷണികൾ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയെങ്കിലും സംഭവം വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ രക്ഷിതാക്കൾ സ്കൂളുകളിലേക്ക് ഓടിയെത്തി. അപ്രതീക്ഷിതമായ ഒഴിപ്പിക്കൽ സ്കൂൾ പരിസരങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കി. പോലീസും സർക്കാർ സംവിധാനങ്ങളും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് മെലോണി അറിയിച്ചു.
യൂറോപ്പിലെ വിവിധ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് അടുത്തിടെയുണ്ടായ സൈബർ ആക്രമണങ്ങളുടെ തുടർച്ചയായാണോ സ്കൂളുകൾക്കു നേരെയുള്ള ഭീഷണികളെന്നും പരിശോധിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ ഒരേസമയം ഇ-മെയിൽ ഭീഷണികൾ ലഭിച്ചതിനാൽ ഇതിനു പിന്നിൽ സംഘടിത ശൃംഖലയുണ്ടോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ഒരു ഭീഷണി ഇ-മെയിലിന്റെ പകർപ്പിൽ ‘മിഖായേൽ ആൻഡ്രോപോവ്, വിലായത്ത് ഓഫ് മിസോജിനിസ്താന്റെ നേതാവ്’ എന്ന പേരാണ് രേഖപ്പെടുത്തിയിരുന്നത്. അയർലൻഡിലെയും ബൾഗേറിയയിലെയും വാർത്താ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ലഭിച്ച ബോംബ് ഭീഷണി സന്ദേശങ്ങളുടെ ഉത്തരവാദിത്വവും ഇതേ വ്യക്തി ഏറ്റെടുത്തിരുന്നു. എന്നാൽ, ഈ പേരിനു പിന്നിലുള്ള വ്യക്തി ആരാണെന്നോ സന്ദേശങ്ങളുടെ യഥാർഥ ലക്ഷ്യമെന്താണെന്നോ വ്യക്തമായിട്ടില്ല.
ഭീഷണികൾക്കു പിന്നിൽ റഷ്യയാണോ എന്ന സംശയവും ചില യൂറോപ്യൻ ഉദ്യോഗസ്ഥർ ഉന്നയിച്ചിട്ടുണ്ട്. യുക്രൈനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളിൽ ഭീതി സൃഷ്ടിക്കാനുള്ള നീക്കമായിരിക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ, ആരോപണങ്ങൾ റഷ്യ നിഷേധിച്ചു. ഇറാന്റെ പങ്കും ചില യൂറോപ്യൻ രാജ്യങ്ങൾ സംശയിക്കുന്നുണ്ടെങ്കിലും ഇതിന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല.